ഒമര്‍ ലുലുവിന്റെ ബഹുഭാഷാ ചിത്രത്തില്‍ കന്നട യുവതാരവും 

കാസര്‍കോട്- ഒമര്‍ ലുലുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷാ ചിത്രം പവര്‍സ്റ്റാറില്‍ അഭിനയിക്കാന്‍ കന്നട യുവതാരം ശ്രേയസ് മഞ്ജുവും. കന്നടയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു. 2019 ല്‍ പുറത്തിറങ്ങിയ 'പാഡെ ഹുളി' എന്ന ചിത്രത്തിലൂടെയാണ് ശ്രേയസ് മഞ്ജു ശ്രദ്ധിക്കപ്പെട്ടത്. ബാബു ആന്റണി നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് രതീഷ് ആനേടത്താണ്. ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം റോബര്‍ട്ട് പര്‍ഹാമും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. കൊക്കെയ്ന്‍ വിപണി പ്രമേയമാകുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍കോട്,  കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷന്‍. 

Latest News