കുവൈത്ത് സിറ്റി- കുവൈത്തിൽ കൊറോണ വാക്‌സിൻ കുത്തിവെപ്പ് പ്രക്രിയക്ക് ഇന്നലെ മുതൽ തുടക്കമായതായി പ്രധാനമന്ത്രി ശൈഖ് സ്വബാഹ് അൽഖാലിദ് അറിയിച്ചു. ഫൈസർ-ബയോൻടെക് വാക്‌സിൻ ആണ് കുവൈത്തിലും ഉപയോഗിക്കുന്നത്. ഇത് സുരക്ഷിതവും ഫലപ്രദവും ആഗോള ഏജൻസികൾ അംഗീകരിച്ചതുമാണ്. എല്ലാവർക്കും വാക്‌സിൻ നൽകിത്തീരുന്നതു വരെ പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ മാസങ്ങൾ നീണ്ടുനിൽക്കുമെന്നും കുവൈത്ത് പ്രധാനമന്ത്രി പറഞ്ഞു.
കുവൈത്തിൽ പ്രധാനമന്ത്രി ശൈഖ് സ്വബാഹ് അൽഖാലിദ് ഇന്നലെ ആദ്യ ഡോസ് കൊറോണ വാക്‌സിൻ സ്വീകരിച്ചു. പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രിസഭാ കാര്യങ്ങൾക്കുള്ള സഹമന്ത്രി അനസ് അൽസ്വാലിഹും ഇന്നലെ പ്രതിരോധ കുത്തിവെപ്പ് നടത്തി. രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ നൽകുമെന്നും ആരെയും ഒഴിവാക്കില്ലെന്നും പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഒരു വർഷം നീണ്ടുനിൽക്കുമെന്നും അനസ് അൽസ്വാലിഹ് പറഞ്ഞു.
കൊറോണ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര ആരോഗ്യ പ്രവർത്തകർ, പ്രായം ചെന്നവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുകയെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ബാസിൽ അൽസ്വബാഹ് പറഞ്ഞു. അടുത്ത ഘട്ടങ്ങളിൽ മറ്റു വിഭാഗങ്ങളിൽ പെട്ടവർക്കും പ്രതിരോധ കുത്തിവെപ്പ് നടത്തും. പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ഒരു വർഷം നീണ്ടുനിൽക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഫൈസർ-ബയോൻടെക് വാക്‌സിൻ ശേഖരത്തിന്റെ ആദ്യ ലോഡ് ബുധനാഴ്ചയാണ് കുവൈത്തിലെത്തിയത്. ക്യാപ്.






