കൊല്ലം-സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ സുരേഷ് ഗോപികെ മധു കൂട്ടുകെട്ടില്‍ 1999ല്‍ ഇറങ്ങിയ മലയാള ചിത്രമായിരുന്നു ക്രൈം ഫയല്‍. കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തില്‍ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഈശോ പണിക്കര്‍ ഐപിഎസ്. ഈ കഥാപാത്രം വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് സുരേഷ് ഗോപിയാണ്. ഈശോ പണിക്കരെ വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ കെ. മധു. ഇതിനായുള്ള ജോലികള്‍ ആരംഭിച്ചതായാണ് വിവരം. പുതിയ ചിത്രത്തിലും സുരേഷ് ഗോപി തന്നെയാകും ഈ വേഷം ചെയ്യുക. സുരേഷ് ഗോപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് കെ. മധു പറഞ്ഞു. ഏകെ സാജന്‍, ഏകെ സന്തോഷ് തുടങ്ങിയവരുടെ തിരക്കഥയിലായിരുന്നു ക്രൈം ഫയല്‍ ഒരുങ്ങിയത്. പുതിയ ചിത്രത്തിന്റെയും തിരക്കഥ എ.കെ. സാജന്‍ തന്നെയാണ്. അഭയ കേസ് വിധിയോടെ സിബിഐയും വാര്‍ത്തകളില്‍ നിറയുന്ന സാഹചര്യത്തില്‍ സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്‍ വീണ്ടും വരുമെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നു. സേതുരാമയ്യരായി അഭിനയിക്കാന്‍ നടന്‍ മമ്മൂട്ടി സമ്മതം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.