റിയാദ് ഒട്ടകമേളയിൽ വെടിവെപ്പ്;  പ്രതി അറസ്റ്റിൽ

റിയാദ് - കിംഗ് അബ്ദുൽ അസീസ് ഒട്ടകമേള നഗരിയിൽ വെടിവെപ്പ് നടത്തിയ സൗദി യുവാവിനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. ആഹ്ലാദം പ്രകടിപ്പിച്ച് ഒട്ടകമേള നഗരി കവാടത്തിനു മുന്നിൽ വെച്ചാണ് കാറിലിരുന്ന് പ്രതി ആകാശത്തേക്ക് നിറയൊഴിച്ചത്. കൃത്യത്തിനു ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിയെ സുരക്ഷാ സൈനികർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 
അറസ്റ്റ് ചെയ്യുന്നതിനിടെ സുരക്ഷാ സൈനികരെ ചെറുക്കാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മുപ്പതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. വെടിവെപ്പ് നടത്താൻ ഉപയോഗിച്ച തോക്കും എട്ടു വെടിയുണ്ടകളും യുവാവിന്റെ പക്കൽ കണ്ടെത്തി. നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി പ്രതിക്കെതിരായ കേസിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് അസിസ്റ്റന്റ് വക്താവ് പറഞ്ഞു.
 

Latest News