സൗജന്യ കിറ്റ് വിതരണം തുടരും, ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം- സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി കൂടുതൽ ക്ഷേമ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 10,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 
ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1500 രൂപയാക്കും. സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത നാലു മാസം കൂടി റേഷൻ കടകൾ വഴി നൽകും. 80 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നൂറ് ദിവസത്തിനുള്ളിൽ 5700 കോടിരൂപയുടെ പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 644 പദ്ധതികൾക്ക് തുടക്കം കുറിക്കും. പൂർത്തീകരിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News