ദുബായ്- എമിറേറ്റിൽ കോവിഡ് വാക്‌സിനേഷൻ കാമ്പയിൻ ഇന്നലെ മുതൽ തുടക്കം കുറിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) വ്യക്തമാക്കി. യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകരിച്ച, യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത ഫൈസർ ബയോ എൻടെക് വാക്‌സിൻ ആണ് ഡി.എച്ച്.എ വിതരണം ചെയ്യുന്നത്. ദുബായ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റിയുമായും കമാന്റ് ആന്റ് കൺട്രോൾ സെന്ററുമായും സഹകരിച്ചാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. നാല് വിഭാഗം ജനങ്ങളിലേക്ക് ഘട്ടംഘട്ടമായി പ്രതിരോധ
മരുന്ന് എത്തിക്കുന്നതിനാണ് ഡി.എച്ച്.എ ലക്ഷ്യമിടുന്നത്. സ്വദേശികളും വിദേശികളുമായ 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, നിത്യരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് ആദ്യമായി കുത്തിവെപ്പ് നടത്തുക. തുടർന്ന് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും മൂന്നാമത് തന്ത്രപ്രധാന മേഖലകളിൽ സേവനം അനുഷ്ടിക്കുന്നവർക്കും വാക്‌സിൻ ലഭ്യമാക്കും. പിന്നീട് പൊതുജനങ്ങളിൽനിന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ താൽപര്യമുള്ളവർക്കും വാക്‌സിൻ വിതരണം ചെയ്യുമെന്ന് ഡി.എച്ച്.എ അധികൃതർ വ്യക്തമാക്കി. മലയാളിയായ ആശാ സൂസൻ ഫിലിപ്പ് (45) അടക്കം അഞ്ച് പേരാണ് ആദ്യമായി കൊറോണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചത്. യു.എ.ഇ പൗരൻ അലി സാലിം അലി അൽഅദീദി (84), ദുബായ് ആംബുലൻസ് ജീവനക്കാരി ശാമ സൈഫ് റാഷിദ് അലാലൈലി (36), റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് ഡ്രൈവർ ആസിഫ് ഖാൻ ഫസൽ സുബ്ഹാൻ (37), ദുബായ് പോലീസ് ഉദ്യോഗസ്ഥൻ ആദിൽ ഹസ്സൻ ശുക്‌റുല്ലാഹ് (32) എന്നിവരാണ് ആശയോടൊപ്പം വാക്‌സിനേഷൻ സ്വീകരിച്ചത്. ആദ്യമായി വാക്‌സിൻ സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ആശാ സൂസൻ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി അൽ റാഷിദ് ഹോസ്പിറ്റലിൽ സാംക്രമിക രോഗ വിഭാഗത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ആശ സൂസൻ കോട്ടയം ജില്ലക്കാരിയാണ്. അൽബർഷ പ്രൈമറി ഹെൽത്ത് സെന്ററിൽ വെച്ചാണ് അവർ കുത്തിവെപ്പ് എടുത്തത്. വാക്‌സിൻ സ്വീകരിക്കാൻ ഒരുക്കമാണോ എന്ന് ഡിപ്പാർട്ട്‌മെന്റ് അന്വേഷിച്ചപ്പോൾ തന്നെ താൻ സമ്മതിച്ചുവെന്ന് ആശ പറഞ്ഞു. കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചു. ഇനി 21 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം -ആശ സൂസൻ വ്യക്തമാക്കി.