അബുദാബി- പന്നിയിറച്ചി ജെലാറ്റിന്‍ പോലുള്ള ഹലാല്‍ അല്ലാത്ത ചേരുവകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍പ്പോലും കൊറോണ വൈറസ് വാക്‌സിന്‍ അനുവദനീയമാണെന്ന് യു.എ.ഇയിലെ ഫത്‌വ കൗണ്‍സില്‍ അറിയിച്ചു.
യു.എ.ഇയില്‍ മതപരമായ ഫത് വകള്‍ നല്‍കുന് പരമോന്നത ഇസ്ലാമിക അതോറിറ്റിയാണ് ഫത്‌വ കൗണ്‍സില്‍.
വാക്‌സിന്റെ ചേരുവകള്‍ ഇസ്ലാമിക നിയമപ്രകാരം അനുവദനീയമാണോ എന്ന ആശങ്ക മുസ്‌ലിംകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് ഫത്‌വയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
ഇസ്ലാമില്‍ നിരോധിച്ചിരിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന വാക്‌സിനുകളും ബദല്‍ മാര്‍ഗമില്ലെങ്കില്‍ അനുവദനീയമാണെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് പ്രതിരോധ കുത്തിവെപ്പ് വ്യക്തികള്‍ക്കുള്ള പ്രതിരോധ മരുന്നാണെന്നും മഹാമാരിക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അത് മൊത്തം സമൂഹത്തിനും അപകട സാധ്യത വരുത്തുമെന്നും ഫത് വ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.






