Sorry, you need to enable JavaScript to visit this website.

മരം നൽകിയ ശിക്ഷ 

കോവിഡ് മാന്ദ്യകാലമായിട്ടും ഹമീദിന് കമ്പനിയിൽനിന്ന് പുതിയ കാർ കിട്ടിയതിന്റെ ആഘോഷമാണ്. കേരള ഹൗസിലെ എല്ലാവർക്കും ബ്രോസ്റ്റ് പാർട്ടി. വെറും ബ്രോസ്റ്റിലൊതുക്കിയത് ശരിയായില്ലെന്നും ചുരുങ്ങിയത് ആടുമന്തിയെങ്കിലും ആക്കണമായിരുന്നുവെന്നും ടൂത്ത് പിക്കെടുത്ത് പല്ലിനിടയിൽനിന്ന് ബ്രോസ്റ്റ് പീസുകൾ നീക്കിക്കൊണ്ട് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 
അതിനെന്താ, ഇനിയും ആകാമല്ലോ എന്ന് ഹമീദിന്റെ മറുപടി. 
എന്നിരുന്നാലും ഹമീദിനൊരു പ്രസരിപ്പില്ല. 
കമ്പനി കാർ കിട്ടിയതിലുള്ള സന്തോഷം പാർട്ടി നടത്താൻ ചെലവായതുകൊണ്ട് ഇല്ലാതായോ എന്ന് ഹമീദിന്റെ വാട്ടമുള്ള മുഖത്ത് നോക്കി മൽബു ചോദിച്ചു. ഇതൊക്കെ ഒരു രസമല്ലേ.. ഒന്നിച്ചിരിക്കാനും തമാശകൾ പങ്കുവെക്കാനും കിട്ടുന്ന അവസരങ്ങൾ. 
സംഗതി എത്ര നിസ്സാരമാണെങ്കിലും പാർട്ടികൾ ഇപ്പോൾ സാധാരണമാണ്. കോവിഡ് പിടിച്ചൂന്ന് പറഞ്ഞാൽ പോലും പാർട്ടിയില്ലേ എന്നു ചോദിക്കുന്നവരുണ്ട്. കോവിഡിനെ പേടിയില്ലാതായതോടെ രണ്ടാഴ്ച ഓഫീസിൽ പോകാതിരിക്കാൻ പോസിറ്റീവ് കൊതിക്കുന്നവരുമുണ്ട് കൂട്ടത്തിൽ. വന്നാലറിയാം, അതിന്റെ കാഠിന്യവും ദുരിതവുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ചിലർ സീരിയസായി പറയും. 
മൽബു കുത്തിക്കുത്തി ചോദിച്ചു. പാർട്ടിക്ക് കാശ് ചെലവായതിലൊന്നുമല്ല ഹമീദിന്റെ മുഖത്തെ വാട്ടം.
പാർട്ടിയിലെ ആഹ്ലാദം നശിപ്പിക്കേണ്ടെന്ന് കരുതി ഹമീദ് അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.
കാർ കിട്ടിയതിന്റെ രണ്ടാം ദിവസം തന്നെ അതിനു മുകളിൽ വലിയൊരു മരം വീണ് ഉപയോഗിക്കാൻ പറ്റാതായി. കാർ വർക്ക് ഷോപ്പിലെത്തിച്ച് ഫഌറ്റിലേക്ക് മടങ്ങും വഴിയാണ് റൂം മേറ്റുകളെ സന്തോഷിപ്പിക്കാൻ ഹമീദ് ബ്രോസ്റ്റ് വാങ്ങിയത്. 
അതിൽ പുതുമയൊന്നുമില്ല. സ്വന്തം വിഷമം മറച്ചുവെച്ചായാലും മറ്റുള്ളവരുടെ സന്തോഷമാണല്ലോ ഓരോ പ്രവാസിക്കും പ്രധാനം.
സഹമുറിയന്മാരെല്ലാം ആദ്യ ദിവസം കാർ കണ്ടിരുന്നുവെങ്കിലും പിന്നീട് അതേക്കുറിച്ച് അന്വേഷിക്കാനൊന്നും പോയില്ല. രണ്ടാം ദിവസം കാറല്ല, ബ്രോസ്റ്റും പാർട്ടിയുമാണ് അവരെ സംബന്ധിച്ചിടത്തോളം പ്രധാനം. 
കാറിനു നല്ല പരിക്കുണ്ടോ, കമ്പനി തന്നെ ശരിയാക്കിത്തരില്ലേ: മൽബു ചോദിച്ചു.
തവിടുപൊടിയായി. ആ മരം ഇങ്ങനെ ചതിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. പിന്നെ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.. ഒരു കണക്കിന് എനിക്കിതു വരണം.. ആ മരത്തിൻ ചുവട്ടിൽ ഞാൻ കാർ കൊണ്ടുവെച്ചത് ശരിയല്ല. 
നടന്നു പോകുന്നവർക്കാണ് പൊതുവെ മരത്തണൽ ആവശ്യമെങ്കിലും മരുുഭൂ നാട്ടിൽ വാഹനമുള്ളുവർക്കാണ് തണൽകൊതി കൂടുതൽ. കാർ പാർക്ക് ചെയ്യാൻ തണലുള്ള നല്ലൊരു സ്ഥലം കിട്ടിയാൽ ആഹ്ലാദിക്കാത്ത കാറുടമകളുണ്ടാകില്ല. ചിലപ്പോൾ മൂന്നും നാലു തവണ ചുറ്റിവന്നാലായിരിക്കും പാർക്കിംഗിന് നല്ലൊരു സ്ഥലം തടയുക. മറ്റൊരു വണ്ടി പോകുമ്പോൾ ഉരസിപ്പോകില്ലെന്നും ആരും കാറ്റൊഴിച്ച് വിടില്ലെന്നും ഉറപ്പുളള സ്ഥലം കിട്ടിയാലാണ് മനസ്സമാധാനം. 
പാർക്കിംഗിന്റെ പേരിലുള്ള പൊല്ലാപ്പുകളിലും പുതുമയില്ല. പലരുടേയും അനുഭവമാണ്. തടസ്സമായി നിർത്തിയിട്ട കാർ കട്ടറുപയോഗിച്ച് മുറിച്ച് തുറന്ന് മാറ്റിയിട്ട ശേഷം സ്വന്തം കാറെടുത്തു പോകുന്ന വീഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 
ഇതിപ്പോ വലിയ സംഗതിയല്ലല്ലേ. മരത്തണലിൽ കാർ പാർക്ക് ചെയ്തു. മരം ചതിച്ചു. കാർ വർക്ക് ഷോപ്പിലായി: മൽബു പറഞ്ഞു.
അതല്ല, അർഹമായ ശിക്ഷയാണ് എനിക്ക് ലഭിച്ചത്: ഹമീദിന്റെ മറുപടി.
ഇതിലെന്തു ശിക്ഷയിരിക്കുന്നു. സാധാരണ സംഭവം.
അല്ല, ഇത് ശിക്ഷ തന്നെയാണെന്ന് ആവർത്തിച്ചുകൊണ്ട് ഹമീദ് അക്കഥ പറഞ്ഞു.
കമ്പനിയിലെ തന്നെ മറ്റൊരാൾ വർഷങ്ങളായി കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്താണ് ഹമീദ് സ്വന്തം കാർ നിർത്തിയിട്ടിരുന്നത്. പുതിയ കാറല്ലേ. പാർക്കിംഗിന് നല്ല സ്ഥലം കിട്ടുന്നതിന് പത്ത് മിനിറ്റ് നേരത്തെ ഓഫീസിൽനിന്ന് പുറപ്പെട്ടിരുന്നു. അയാൾ എത്തിയിട്ടില്ല. അതുകൊണ്ട് ആ വലിയ മരത്തിനു ചുവട്ടിൽ സുരക്ഷിതമായി പാർക്ക് ചെയ്ത സന്തോഷത്തോടെയാണ് ഫഌറ്റിലേക്ക് കയറിയത്. അയാളോട് കാണിച്ച ചതിയാണ് എന്റെ കാർ തവിടുപൊടിയാകാൻ കാരണം. പ്രകൃതി എല്ലാം തിരിച്ചറിയുന്നുണ്ട്. മരം എന്നെ ശിക്ഷിച്ചതാണ്. അല്ലെങ്കിൽ ഇത്രയും കാലം തലയെടുപ്പോടെ നിന്നിരുന്ന മരം ഇപ്പോൾ നിലംപൊത്തേണ്ടതില്ലല്ലോ?
ഇക്കാര്യത്തിൽ ഹമീദിനെ ആശ്വസിപ്പിക്കാനാവില്ല. മൽബു നിസ്സഹായനാണ്. 
പള്ളിയിൽ കയറുന്നതിനു മുമ്പ് അംഗസ്‌നാനം ചെയ്യുന്നതിനായി ഷൂ അഴിച്ചുവെച്ച്  അവിടെ കിടന്നിരുന്ന മറ്റൊരാളുടെ ഹവായി ചെരിപ്പിട്ടതിന് ഒരു രാത്രി മുഴുവൻ അതേക്കുറിച്ച് പറഞ്ഞോണ്ടിരുന്നയാളാണ് ഹമീദ്. ഉടമയുടെ അനുമതിയില്ലാതെ അവിടെ കിടന്നിരുന്ന ചപ്പലിട്ട് ബാത്ത് റൂമിലേക്ക് പോയത് ശരിയാണോ എന്നായിരുന്നു സംശയം. 
അന്യന്റെ അവകാശം ഹനിച്ചതിനാലാണ് ശിക്ഷ ലഭിച്ചതെന്ന ഹമീദിന്റെ വിശ്വാസം മാറ്റിയെടുക്കാൻ മൽബുവിനെന്നല്ല ആർക്കും സാധ്യമല്ല.
 

Latest News