പിരിച്ചുവിട്ട ഇമാമുമാരെ തിരിച്ചെടുക്കില്ല - മന്ത്രി

റിയാദ് - സൗദി അറേബ്യ ഭീകര സംഘടനയായി പ്രഖ്യാപിച്ച മുസ്‌ലിം ബ്രദർഹുഡ് ഗ്രൂപ്പ് മുസ്‌ലിം സമുദായത്തിന് സൃഷ്ടിക്കുന്ന ഭീഷണികളെ കുറിച്ച് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗത്തിൽ വിശദീകരിക്കുകയും ഇക്കാര്യത്തിൽ ഉന്നത പണ്ഡിതസഭ പുറത്തിറക്കിയ പ്രസ്താവന വായിക്കുകയും ചെയ്യണമെന്ന ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാത്തതിന് പിരിച്ചുവിട്ട ഇമാമുമാരെയും ഖതീബുമാരെയും സർവീസിൽ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലെന്ന് വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ദാക്ഷിണ്യം കാണിക്കണമെന്ന് അപേക്ഷിക്കുകയും ഭാവിയിൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ അച്ചട്ടായി പാലിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്യുന്ന പക്ഷം പിരിച്ചുവിട്ട ഇമാമുമാരെയും ഖതീബുമാരെയും തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 
നിലവിൽ ഇക്കാര്യത്തിൽ വാഗ്ദാനങ്ങളൊന്നും നൽകാൻ കഴിയില്ല. ഖതീബുമാരായും ഇമാമുമാരായും സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന നിരവധി സ്വദേശികളുണ്ട്. ഇവർ കർത്തവ്യം ഭംഗിയായി നിർവഹിക്കും. പിരിച്ചുവിട്ടതിലൂടെ ഈ ഇമാമുമാരും ഖതീബുമാരും മുസ്‌ലിം ബ്രദർഹുഡ് അനുയായികളോ ബ്രദർഹുഡ് ആശയത്തെ പിന്തുണക്കുന്നവരോ ആണെന്ന് അർഥമാക്കുന്നില്ല. മന്ത്രാലയത്തിന്റെ നിർദേശം പാലിക്കാതിരിക്കുകയും ഇതിൽ വീഴ്ച വരുത്തുകയും ചെയ്തവർക്കെതിരായ നിയമാനുസൃത നടപടിയായിരുന്നു പിരിച്ചുവിടൽ തീരുമാനം. പിരിച്ചുവിടുന്ന ആർക്കും പകരം വ്യവസ്ഥകൾ പൂർണമായ, യോഗ്യരായവരെ ഉടനടി നിയമിക്കും. നിർദേശങ്ങൾ പാലിക്കാത്തവരെ പിരിച്ചുവിട്ട് പകരം ആളുകളെ നിയമിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ മന്ത്രാലയം നൽകുന്നത്.
 

Latest News