ഭഗവത് ഗീതക്ക് മോഡി സ്വന്തം വ്യാഖ്യാനം നല്‍കുന്നു -രാഹുല്‍

ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നു.

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ആവശ്യങ്ങള്‍ക്കായി ഭഗവത് ഗീതക്ക് സ്വന്തം വ്യാഖ്യാനം നല്‍കിയിരിക്കയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫലത്തെ കുറിച്ച് ചിന്തിക്കാതെ കര്‍മം അനുഷ്ഠിക്കാനാണ് ഭഗവത് ഗീതയില്‍ പറയുന്നത്. എന്നാല്‍ മറ്റുള്ളവരുടെ കര്‍മങ്ങളുടെ എല്ലാ ഫലവും അനുഭവിക്കൂ, കര്‍മം ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട എന്നതാണ് മോഡിയുടെ വ്യാഖ്യാനമെന്ന് രാഹുല്‍ പറഞ്ഞു.
വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലെ പവോണ്ട സാഹിബില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡിക്കെതിരായ രാഹുലിന്റെ വിമര്‍ശം. കോണ്‍ഗ്രസ് ഹിമാചലില്‍നിന്ന് കെട്ടുകെട്ടിയെന്ന് മോഡി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ചൈനീസ് നിര്‍മിത ഫോണുകളില്‍ സെല്‍ഫി എടുക്കുന്നതിന്റെ ഗുണം ഇന്ത്യക്കല്ല, മറിച്ച് ചൈനയിലെ യുവജനങ്ങള്‍ക്കാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് തൊഴില്‍ രഹിതരെ സൃഷ്ടിക്കുകയാണ്. എന്നാല്‍ ചൈന ഉല്‍പാദന മേഖലയിലൂടെ തൊഴില്‍ വര്‍ധിപ്പിക്കുകയാണെന്നും ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി മോഡി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയാണെന്ന് രാഹുല്‍ ചോദിച്ചു. ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാരെ ജി.എസ്.ടി കഷ്ടത്തിലാക്കിയിരിക്കയാണെന്നും അദ്ദേഹം ആരോപിച്ചു.  

 

Latest News