പുതിയ കൊറോണ വൈറസ്: ന്യൂയോര്‍ക്ക് വിമാനത്താവളത്തിലും നിയന്ത്രണം

ന്യൂയോര്‍ക്ക്- കോവിഡ് രൂക്ഷമായി ബാധിച്ച അമേരിക്ക മ്യൂട്ടേറ്റഡ് വൈറസിന്റെ ആശങ്കയില്‍. കോവിഡിന്റെ പുതിയ വകഭേദം രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ യു.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫെഡറല്‍ സര്‍ക്കാര്‍ അതിവേഗ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, കാരണം ഈ വകഭേദം ഒരു വിമാനത്തില്‍ കെന്നഡി വിമാനത്താവളത്തിലെത്താം. ഒരു വ്യക്തി മാത്രം അതിന് കാരണമാകാം -അദ്ദേഹം പറഞ്ഞു.
യാത്രാ നിരോധം സംബന്ധിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് യു.എസ് അസിസ്റ്റന്റ് ആരോഗ്യ സെക്രട്ടറി ബ്രെറ്റ് ഗിരോയര്‍ പറഞ്ഞു. മാസങ്ങളുടെ നിഷ്‌ക്രിയത്വത്തിന് ശേഷം 900 ബില്യണ്‍ ഡോളറിന്റെ കോവിഡ് ഉത്തേജക പാക്കേജില്‍ യു.എസ് കോണ്‍ഗ്രസ് വോട്ട് ചെയ്യാനിരിക്കേയാണ് പുതിയ സംഭവ വികാസങ്ങള്‍.
കൊറോണ വൈറസ് നെഗറ്റീവ്  ആയ യാത്രക്കാരെ മാത്രമേ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ എന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് സമ്മതിച്ചതായി ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ അറിയിച്ചു. കെന്നഡി വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളില്‍ യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യുന്നത് സമ്മതിക്കാന്‍ ഡെല്‍റ്റ എയര്‍ലൈന്‍സ്, വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്നിവയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ സ്വമേധയാ സമ്മതിക്കുന്നില്ലെങ്കില്‍ ന്യൂയോര്‍ക്ക് സംസ്ഥാനം മറ്റു മാര്‍ഗം തേടുമെന്ന് ക്യൂമോ പറഞ്ഞു.

 

Latest News