നടിയെ അറിഞ്ഞുകൊണ്ട് സ്പര്‍ശിച്ചിട്ടില്ല- യുവാക്കള്‍

കൊച്ചി- ഇടപ്പള്ളിയിലെ  മാളില്‍വച്ച് നടിയെ അപമാനിയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കേസില്‍ കുറ്റാരോപിതരായ മലപ്പുറം സ്വദേശികളായ യുവാക്കള്‍. മനപ്പൂര്‍വമായി സ്പര്‍ശിയ്ക്കുകയോ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും ഇര്‍ഷാദും ആദിലും വ്യക്തമാക്കി. മാളില്‍വച്ചാണ് നടിയെ കണ്ടത്. അവര്‍ നടിയാണെന്ന് ഉറപ്പുണ്ടായിരുന്നില്ല. ഒരു കുടുംബമെത്തി കൂടെനിന്ന് ഫോട്ടോ എടുക്കുന്നത് കണ്ടതോടെയാണ് നടിയാണ് എന്ന് വ്യക്തമായത്. നടിയാണെന്ന് മനസ്സിലായതോടെ അവരുടെ അടുത്തെത്തി സംസാരിയ്ക്കാന്‍ ശ്രമിച്ചു. എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് ചോദിച്ചപ്പോള്‍ നടിയുടെ സഹോദരി ഗൗരവത്തോടെ സംസാരിച്ചു. അപ്പോള്‍ തന്നെ അവിടെനിന്നും തിരിയ്ക്കുകയും ചെയ്തു. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഒളിവില്‍ പോയത് എന്നും ഇരുവരും പറഞ്ഞു. വ്യക്തിപരമായ ആവശ്യത്തിന് കൊച്ചിയിലെത്തി തിരികെ നാട്ടിലേക്ക് പോകാനുള്ള രാജ്യറാണി ട്രെയിന്‍ രാത്രി വൈകുമെന്നറിഞ്ഞ് നേരംപോക്കാനാണ് മാളിലേക്ക് ചെന്നതെന്ന് ഇരുവരും ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. തങ്ങളുടെ ഭാഗത്ത് നിന്ന് അറിയാതെ വല്ല തെറ്റും സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും യുവാക്കള്‍ നടിയോട്  അഭ്യര്‍ഥിച്ചു. 

Latest News