ദുബായ്- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.എ.ഇ ആഗോളതലത്തില്‍
തന്നെ മികച്ച നേട്ടം സ്വന്തമാക്കിയെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അറിയിച്ചു. ബ്രാന്‍ഡ് ഫിനാന്‍സിന്റെ കീഴിലുള്ള സോഫ്റ്റ് പവര്‍ ഇന്‍ഡക്‌സ് എല്ലാ ലോകരാഷ്ട്രങ്ങളിലെയും കോവിഡ് പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്ത് തയാറാക്കിയ പട്ടികയിലാണ് യു.എ.ഇയുടെ നേട്ടം. രോഗവ്യാപനം ചെറുക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍
14-ാമതാണ് യു.എ.ഇയുടെ സ്ഥാനം. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും യു.എ.ഇയാണ്. മികച്ച നേട്ടം കൈവരിക്കുന്നതില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്ക് ഏറെ വലുതാണെന്നും ദുബായ് ഭരണാധികാരി അഭിപ്രായപ്പെട്ടു. പൗരന്മാരിലേക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കുന്നതില്‍ യു.എ.ഇ മറ്റു രാഷ്ട്രങ്ങളെക്കാള്‍ ഏറെ മുന്നിലായിരുന്നു. ഇതാണ് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.