ലോറി ഡ്രൈവറിൽനിന്ന് റോയൽ വിമാന യാത്രയിലേക്ക്; അനുഭവം പങ്കുവെച്ച് വ്യവസായി 

അബ്ദുറഹ്മാൻ അൽഉതൈശാൻ

ഒരു കാലത്ത് ലോറി ഡ്രൈവറായി ബഗ്ദാദിലേക്ക് സ്ഥിരമായി പോയിരുന്ന താൻ റോയൽ വിമാനത്തിൽ മന്ത്രിമാരെ അനുഗമിച്ച് ഇറാഖ് സന്ദർശിച്ചതിന്റെയും ഇറാഖ് പ്രസിഡന്റ് അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും ഹൃദയസ്പൃക്കായ അനുഭവം സൗദി വ്യവസായി അബ്ദുറഹ്മാൻ അൽഉതൈശാൻ പങ്കുവെച്ചത് കൗതുകവും വിസ്മയവുമായി. 
40 വർഷം മുമ്പാണ് ലോറി ഡ്രൈവറായി താൻ ഇറാഖിലേക്ക് പോയിരുന്നതെന്ന് അബ്ദുറഹ്മാൻ അൽഉതൈശാൻ പറയുന്നു. അടുത്തിടെ സൗദി വാണിജ്യ മന്ത്രിയെ അനുഗമിച്ച് റോയൽ വിമാനത്തിൽ ബഗ്ദാദിലെത്തി ഇറാഖ് പ്രസിഡന്റുമായും മന്ത്രിമാരുമായും പാർലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ചകൾ നടത്തി. കഴിഞ്ഞ ദശകങ്ങളിൽ രാജ്യം കൈവരിച്ച പുരോഗതിക്കും അഭിവൃദ്ധിക്കും തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ തന്നെയാണ് സാക്ഷിയെന്ന് അബ്ദുറഹ്മാൻ അൽഉതൈശാൻ പറയുന്നു. 
ഇറാഖ്-ഇറാൻ യുദ്ധകാലത്ത് 1980 മുതൽ 1983 വരെയാണ് ലോറി ഡ്രൈവറായി ബഗ്ദാദിലേക്ക് പോയിരുന്നത്. ഇപ്പോൾ വ്യവസായ പ്രമുഖൻ എന്നോണം സൗദി വാണിജ്യ മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യവസായികളും മുതിർന്ന ഉദ്യോഗസ്ഥരും അടങ്ങിയ സംഘത്തിൽ റോയൽ വിമാനത്തിൽ ബഗ്ദാദിലേക്ക് പോകാൻ സാധിക്കുന്ന നിലയിലേക്ക് തന്റെ ജീവിതം മാറിമറിഞ്ഞു. ഇറാഖ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ, ഇറാഖിലെ പ്രമുഖ വ്യവസായികൾ എന്നിവരുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടത്താൻ സാധിച്ചു. സ്ഥിഗതികളെല്ലാം മാറ്റിമറിച്ച ദൈവം എത്രപരിശുദ്ധൻ -അബ്ദുറഹ്മാൻ അൽഉതൈശാൻ ട്വീറ്റ് ചെയ്തു. 


കിഴക്കൻ ബുറൈദയിൽ അൽറബീഇയയിലാണ് അബ്ദുറഹ്മാൻ അൽഉതൈശാൻ ജനനം. അൽബാസിഇ ഗോത്രക്കാരായ അമ്മാവന്മാർക്കൊപ്പം കർഷകനായാണ് ജീവിതം ആരംഭിച്ചത്. കുഞ്ഞുനാളിൽ തന്നെ സാഹസികതകളും വെല്ലുവിളികളും ഇഷ്ടപ്പെടുയും നേട്ടങ്ങളിൽ ആഹ്ലാദിക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു തന്റെതെന്ന് അബ്ദുറഹ്മാൻ അൽഉതൈശാൻ പറയുന്നു. 16- വയസ്സിൽ സ്വന്തം കാർ വിൽപന നടത്തി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ രണ്ടു വർഷം നീണ്ട പഠനത്തിനു ശേഷം 1980 ൽ രാജ്യത്ത് തിരിച്ചെത്തി. ഇറാഖ്-ഇറാൻ യുദ്ധം കൊടുമ്പിരികൊണ്ട കാലമായിരുന്നു അത്. നിത്യോപയോഗ വസ്തുക്കൾ അടക്കം ആവശ്യമായ എല്ലാ വസ്തുക്കളും സൗദിയിൽ നിന്ന് ദമാം തുറമുഖം വഴി ഇറക്കുമതി ചെയ്യുകയായിരുന്നു ഇറാഖിന്റെ പതിവ്. 


തുറമുഖത്ത് തൊഴിലവസരമുള്ളതായി ആയിടക്കാണ് താൻ കേട്ടത്. തുറമുഖത്തെ മുഴുവൻ ജോലിക്കാരും വിദേശികളാണെന്ന് തൊഴിൽ തേടി അവിടെയെത്തിയ തനിക്ക് ബോധ്യപ്പെട്ടു. ഇതാണ് ലോറി വാങ്ങി ദമാമിനും ബഗ്ദാദിനുമിടയിൽ ചരക്ക് നീക്ക മേഖലയിൽ പ്രവർത്തിക്കാൻ പ്രചോദനമായത്. ഓർഡറുകളുടെ ആധിക്യംമൂലം ലോറികളുടെ എണ്ണം വർധിപ്പിക്കുകയും ഡ്രൈവർമാരെ ജോലിക്കു വെക്കുകയും ബിസിനസ് കാര്യങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നതിന് ബഗ്ദാദിൽ സ്ഥിരതാമസമാക്കുകയും ചെയ്തതായി അബ്ദുറഹ്മാൻ അൽഉതൈശാൻ പറയുന്നു.
നിലവിൽ അൽഉതൈശാൻ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് ചെയർമാനാണ് അബ്ദുറഹ്മാൻ അൽഉതൈശാൻ. 2014 മുതൽ 2017 വരെ അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. 2014 മുതൽ 2018 വരെയുള്ള കാലത്ത് ഫെഡറേഷൻ ഓഫ് ജി.സി.സി ചേംബേഴ്‌സ് വൈസ് പ്രസിഡന്റ് ആയും സേവമനുഷ്ഠിച്ചിട്ടുണ്ട്. 2015 ൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് യു.എൻ ഗുഡ്‌വിൽ അബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്. 

 

Latest News