റിയാദ് - ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ രഹസ്യമായി പിന്തുടര്‍ന്ന് പണം കവര്‍ന്ന യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതു വയസ് പ്രായമുള്ള സൗദി യുവാവാണ് പിടിയിലായത്. കവര്‍ന്ന് കൈക്കലാക്കിയ കാറുകളില്‍ സഞ്ചരിച്ചാണ് പ്രതി ബാങ്ക് ഉപയോക്താക്കളെ രഹസ്യമായി പിന്തുടര്‍ന്നിരുന്നത്. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കള്‍ പണം വാഹനത്തില്‍ വെച്ച് പുറത്തിറങ്ങുന്ന തകത്തില്‍ പണം കൈക്കലാക്കി രക്ഷപ്പെടുകയാണ് പ്രതി ചെയ്തിരുന്നത്.
സമാന രീതിയില്‍ അല്‍ശീഫാ, ദീറാബ് ഡിസ്ട്രിക്ടുകളില്‍ രണ്ടു കവര്‍ച്ചകള്‍ പ്രതി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 28,000 റിയാലും മൊബൈല്‍ ഫോണുമാണ് പ്രതി മോഷ്ടിച്ചത്. അറസ്റ്റിലായ പ്രതിയുടെ ദൃശ്യങ്ങളും ബാങ്ക് ഉപയോക്താക്കളില്‍ ഒരാളുടെ വാഹനത്തില്‍ നിന്ന് പ്രതി പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. പ്രതിക്കെതിരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.