കൊച്ചി- സി.ബി.എസ്.ഇ സ്‌കൂൾ ഫീസ് നിരക്ക് പരിശോധിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരെ (ഡി.ഇ.ഒ) ചുമതലപ്പെടുത്തിയെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഫീസ് സംബന്ധിച്ചു പരിശോധിച്ച് റിപ്പോർട്ടു നൽകണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ ഡി.ഇ.ഒയെ ചുമതലപ്പെടുത്തിയ വിവരം കോടതിയിൽ അറിയിച്ചത്. സ്‌കൂളുകളുടെ വരവ്-ചെലവ് കണക്കുകൾ മാനേജ്മെന്റുകൾ ഡി.ഇ.ഒമാർക്ക് സമർപ്പിക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ഫീസ് ഈടാക്കുന്നതിനു മാനദണ്ഡങ്ങളൊന്നുമില്ലാത്ത പശ്ചാത്തലത്തിലാണ് ഹൈക്കോടതി സർക്കാരിനോട് പരിശോധിക്കാൻ നിർദേശം നൽകിയത്. ഫീസ് സ്വന്തം പരിധിയിലുള്ള വിഷയമല്ലെന്ന സി.ബി.എസ്.ഇ കോടതിയിൽ അറിയിച്ചിരുന്നു.
ഇതേ തുടർന്നാണ് ഫീസ് നിരക്ക് പരിശോധിക്കാൻ സർക്കാർ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരെ ചുമതലപ്പെടുത്തിയത്. ഡി.ഇ.ഒമാർക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ അടുത്തമാസം 20 നകം ഹൈക്കോടതിയിൽ സമർപ്പിക്കാമെന്നു സർക്കാർ കോടതിയിൽ അറിയിച്ചു. കോടതി ഉത്തരവിന്റെ മറവിൽ സർക്കാർ അധികാരങ്ങളിൽ കൈക്കടത്തുകയാണെന്ന ആക്ഷേപം സ്‌കൂൾ മാനേജുമെന്റുകൾ ഹൈക്കോടതിയിൽ ഉന്നയിച്ചു. സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസ് നിർണയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് സർക്കാർ ഇടപെടൽ നിർദേശിച്ചത്.