കൽപറ്റ-വയനാട് ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകൾ ഇടതു,വലതു മുന്നണികൾ തുല്യമായി വീതിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു നറുക്കെടുപ്പ് അനിവാര്യമായി. ഇതോടെ ആരെയൊക്കെ നറുക്കിനിടും എന്നതിൽ രണ്ടു മുന്നണികളിലും ചർച്ച സജീവമായി.
യു.ഡി.എഫിൽ മുട്ടിൽ ഡിവിഷനിൽ വിജയിച്ച കോൺഗ്രസിലെ ഷംസാദ് മരയ്ക്കാർ, പടിഞ്ഞാറത്തറയിൽ വിജയിച്ച മുസ്‌ലിം ലീഗിലെ എം.മുഹമ്മദ് ബഷീർ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണനയിൽ. ഇവരിൽ ആരുടെ പേരു നറുക്കിനിടണമെന്നു യു.ഡി.എഫ് ജില്ലാ നേതൃത്വം തീരുമാനിക്കണം. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിനു ആറും മുസ്‌ലിം ലീഗിനു രണ്ടും അംഗങ്ങളാണുള്ളത്. എന്നിരിക്കേ ഷംസാദ് മരയ്ക്കാറിനാണ് കൂടുതൽ സാധ്യത. അതേസമയം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ഷംസാദ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നതു തടയുന്നതിനു കോൺഗ്രസിനകത്തു ചരടുവലിയും മുറുകുകയാണ്. പാർട്ടിയിലെ എ വിഭാഗക്കാരനാണ് ഷംസാദ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു യു.ഡി.എഫിൽ കണിയാമ്പറ്റ ഡിവിഷനിൽ വിജയിച്ച ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മുസ്‌ലിം ലീഗിലെ കെ.ബി.നസീമ, കോൺഗ്രസ് ടിക്കറ്റിൽ പുൽപള്ളിയിൽ ജയിച്ച കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഉഷ തമ്പി എന്നിവരെ പരിഗണിക്കാനാണ് സാധ്യത.
എൽ.ഡി.എഫിൽ അമ്പലവയൽ ഡിവിഷനിൽ വിജയിച്ച സി.പി.എമ്മിലെ സുരേഷ് താളൂർ, പൊഴുതനയിൽ വിജയിച്ച ഇതേ പാർട്ടിയിലെ എൻ.സി.പ്രസാദ് എന്നിവരാണ് പ്രസിഡന്റ് പദവിയിലേക്കു പരിഗണനയിൽ. ഇതിൽ കർഷകത്തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറിയുമായ സുരേഷ് താളൂരിനാണ് കൂടുതൽ സാധ്യത. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സി.പി.എം ടിക്കറ്റിൽ പനമരം ഡിവിഷനിൽ വിജയിച്ച ബിന്ദു പ്രകാശ്, തിരുനെല്ലി ഡിവിഷനിൽനിന്നുള്ള എ.എൻ.സുശീല, സി.പി.ഐ ടിക്കറ്റിൽ മേപ്പാടി ഡിവിഷനിൽ വിജയിച്ച എസ്.ബിന്ദു എന്നിവരാണ് ഇടതു മുന്നണിയുടെ പരിഗണനയിൽ. 21 നാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ വിജയിച്ചവരുടെ സത്യപ്രതിജ്ഞ. ഇതിനടുത്ത ദിവസം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.