ഇന്ദോര്‍- മധ്യപ്രദേശിലെ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് കോണ്‍സ്റ്റബിളിനേയും ഭാര്യയേയും വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തിനു പിന്നാലെ കാണാതായ ഇവരുടെ 17കാരിയായ മകളും ആണ്‍സുഹൃത്തും സംശയനിഴലിലാണ്. 45കാരന്‍ ജ്യോതി പ്രസാദ് ശര്‍മ, ഭാര്യ നീലം (43) എന്നിവരെയാണ് കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ വീടിനു പുറത്ത് ഇവരുടെ മകള്‍ ചുറ്റിക്കറങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നതായി പോലീസ് പറഞ്ഞു. ഈ സമയം വീട്ടികത്തു നിന്ന് നിലവിളി ശബ്ദം കേട്ടിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. തൊട്ടടുത്ത് തന്നെ താമസിക്കുന്ന ബന്ധുക്കളും അയല്‍ക്കാരും ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛനും അമ്മയും വഴക്കിടുകയാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടിയെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പൊടുന്നനെ അപ്രത്യക്ഷരായതോടെയാണ് ഇവര്‍ സംശയത്തിന്റെ നിഴലിലായത്.






