മമതക്ക് ചുട്ട മറുപടി; ഉവൈസിയെ വിലയ്ക്ക് വാങ്ങാന്‍ ആരും ജനിച്ചിട്ടില്ല

കൊല്‍ക്കത്ത- തന്നെ പണം കൊടുത്ത് വാങ്ങാന്‍ ശേഷിയുള്ള ആരും ഇതുവരെ ജനിച്ചിട്ടില്ലെന്ന് എ.ഐ.എം.ഐ.എം നേതാവും ലോക്‌സഭാ എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി ഉവൈസിയെ ഹൈദരാബാദില്‍നിന്നു ഇങ്ങോട്ട് ഇറക്കുമതി ചെയ്തിരിക്കുന്നത് എന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഉവൈസി. മുസ്‌ലിം വോട്ടര്‍മാര്‍ മമതയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
പണം കൊണ്ട് ഉവൈസിയെ വാങ്ങാന്‍ ശേഷിയുള്ളവര്‍ ജനിച്ചിട്ടില്ല. മമതയുടേത് അടിസ്ഥാനരഹിതമായ ആരോപണമാണ്. സ്വന്തം വീടിനെക്കുറിച്ചാണ് അവര്‍ ചിന്തിക്കേണ്ടത്. എത്രയോ ആളുകള്‍ അവരുടെ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് -ഉവൈസി പറഞ്ഞു.
'നിങ്ങള്‍ ഇതുവരെ അനുസരണയുള്ള മിര്‍ ജാഫര്‍മാരെയും സാദിഖുമാരെയുമാണ് കണ്ടിട്ടുള്ളത്. അവരവര്‍ക്കുവേണ്ടി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മുസ്‌ലിംകളെ നിങ്ങള്‍ക്ക് പരിചയമില്ലെന്നും ഉവൈസി പറഞ്ഞു.
ബിഹാറില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത വോട്ടര്‍മാരെ അപമാനിക്കുകയാണ് താങ്കള്‍. വോട്ട് മറിക്കുന്നവര്‍ എന്ന് ഞങ്ങളെ കുറ്റപ്പെടുത്തിയവര്‍ക്ക് എന്താണ് പിന്നീട് സംഭവിച്ചതെന്ന് താങ്കള്‍ കണ്ടുകാണുമല്ലോ. മുസ്‌ലിം വോട്ടര്‍മാര്‍ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല -ഉവൈസി ട്വീറ്റ് ചെയ്തു.

 

Latest News