കോഴിക്കോട് - ശക്തമായ ജനവികാരമെന്ന വിലയിരുത്തലൊക്കെയുള്ളപ്പോഴും ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് അഞ്ചുകൊല്ലം മുമ്പത്തെ 2015 ലെ തെരഞ്ഞെടുപ്പിന്റെ സമാനമായ ഒരേകദേശ കാഴ്ചകൾ തന്നെയാണ് കണക്കുകളിലൂടെ സമ്മാനിക്കുന്നത്. ആ തെരഞ്ഞെടുപ്പിലും ഈ പ്രാവശ്യത്തെപ്പോലെ ഇടതുമുന്നണിക്ക് തന്നെയായിരുന്നു മുൻതൂക്കം. കഴിഞ്ഞ പ്രാവശ്യം ഇടതുമുന്നണിക്ക് സംസ്ഥാനത്തെ 550 ഗ്രാമപഞ്ചായത്തുകളിൽ വിജയിക്കുവാൻ കഴിഞ്ഞപ്പോൾ, ഇപ്രാവശ്യം അത് 514 ആയി കുറയുകയായിരുന്നു. എന്നാൽ 365 പഞ്ചായത്തുകൾ മാത്രം നേടിയ യു.ഡി.എഫ് ഇപ്രാവശ്യം അത് 377 ലേക്ക് ഉയർത്തിയിരിക്കുകയാണ്. ബി.ജെ.പിക്കാകട്ടെ കഴിഞ്ഞ പ്രാവശ്യം 22 ഉണ്ടായിരുന്നത്, 2020 ആയപ്പോഴേക്കും 14 ആയി കുറയുകയാണ് ഉണ്ടായത്.
പക്ഷേ ബ്ലോക്ക് പഞ്ചായത്തുകൾ 2015 നെക്കാൾ കൂടുതൽ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം 90 ഉള്ള സ്ഥാനത്ത് ഇപ്രാവശ്യം 108 എണ്ണം ഇടതുമുന്നണിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ യു.ഡി.എഫിന് കഴിഞ്ഞ പ്രാവശ്യം 61 എണ്ണം ഉണ്ടായിരുന്നത് ഇപ്രാവശ്യം 44 ആയി കുറഞ്ഞു. ബി.ജെ.പിക്കാകട്ടെ അന്നും ഇപ്പോഴും ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണവും കിട്ടിയിട്ടില്ല. അതുപോലെ ജില്ലാപഞ്ചായത്തിലും കഴിഞ്ഞ പ്രാവശ്യം ഇരുമുന്നണികൾക്കും ഏഴുവീതം തുല്യമായിരുന്നെങ്കിൽ ഇപ്രാവശ്യം ഇടതുമുന്നണി പത്തെണ്ണത്തിൽ മുൻതൂക്കം നേടിയിരിക്കുകയാണ്. വലതുമുന്നണിയുടെ കൈവശമുണ്ടായിരുന്നത് ഏഴിൽ നിന്ന് നാലിലേക്ക് ചുരുങ്ങിയിരിക്കയാണ്. ബി.ജെ.പിക്ക് രണ്ടുപ്രാവശ്യവും ഒരു ജില്ലാപഞ്ചായത്ത് ഭരണവുമില്ല.
പക്ഷേ മുനിസിപ്പാലിറ്റികൾ ഇപ്രാവശ്യം ഇടതുമുന്നണിയിൽ നിന്ന് കൈവിട്ടുപോകുകയാണ് ചെയ്തിട്ടുള്ളത്. 44 എണ്ണമുണ്ടായിരുന്ന സ്ഥാനത്ത് അത് 35 ലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ യു.ഡി.എഫ്കാട്ടെ 41 ൽ നിന്ന് 45 ലേക്ക് ഉയർന്നിരിക്കയാണ്. ബി.ജെ.പിക്ക് അന്നും ഇന്നും രണ്ട് തന്നെയാണ്.
എന്നാൽ കോർപറേഷനുകളിൽ യു.ഡി.എഫിന് വലിയ അടിയാണ് ഉണ്ടായിട്ടുള്ളത്.
മൂന്നും മൂന്നും എന്നതിൽ നിന്ന് അഞ്ചും ഒന്നും എന്നതിലേക്ക് യു.ഡി.എഫ് എത്തിയിരിക്കയാണ്. കണക്കുകൾ നോക്കുമ്പോൾ ഏകപക്ഷീയമായ തിരിച്ചടി തദ്ദേശതെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളിൽ കോർപറേഷന്റെ ഭാഗത്തുനിന്നാണുണ്ടായിട്ടുള്ളതെന്നു കാണാവുന്നതാണ്.