തിരുവനന്തപുരം- സുരേഷ് ഗോപി വിളിച്ചു, തിരുവനന്തപുരം പക്ഷെ പോയില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിനെ ഇങ്ങെടുക്കുവാ എന്ന താരത്തിന്റെ ഡയലോഗ് വൈറലായിരുന്നു. തന്റെ സിനിമാ ഡയലോഗുകളുടെ ചുവടു പിടിച്ചായിരുന്നു സുരേഷ് ഗോപിയുടെ മാസ് ഡയലോഗ്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി അവിടെ പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ ടി.എന്‍ പ്രതാപനായിരുന്നു വിജയം.
ഇത്തവണ തിരുവനന്തപുരം കോര്പറേഷന് പിടിക്കാന്‍ ബി.ജെ.പി കാര്യമായി ശ്രമിച്ചു. താരപ്രചാരകന് സുരേഷ്ഗോപി ആയിരുന്നു. പ്രചാരണത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തൃശൂര്‍ ഡയലോഗ് ഓര്‍മിപ്പിക്കുകയും തിരുവനന്തപുരത്തും ഇങ്ങനെ പറയുന്നുണ്ടോ എന്ന് ആരായുകയും ചെയ്തു.
എന്നാല്‍ ഡയലോഗ് ഒന്നു മയപ്പെടുത്തി തിരുവനന്തപുരം ഇങ്ങു വരണം എന്നാണ് സുരേഷ് പറഞ്ഞത്. പക്ഷെ തലസ്ഥാന നഗരം പോയില്ല. കൃത്യമായ ഭൂരിപക്ഷത്തോടെ ഇടതിനൊപ്പം നില്‍ക്കുകയും ചെയ്തു.