ന്യൂദൽഹി- കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. വിധിയിൽ എതിർപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ജഡ്ജി വിവേചനപരമായി പെരുമാറുന്നുവെന്ന ആരോപണമുയർത്തി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കോടതി ഒരു തീരുമാനമെടുത്താൽ അത് നിയമപരമായി ചോദ്യം ചെയ്യുകയാണ് സർക്കാർ വേണ്ടത്. അല്ലാതെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇത്തരത്തിൽ ഹരജി നൽകുന്നത് ശരിയായ നടപടിയല്ലെന്നും ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.






