മനില- കോവിഡ് വ്യാപനം ആരംഭിച്ച് പത്ത് മാസത്തിനിടെ മൂന്ന് ലക്ഷം പ്രവാസികളെ ഫിലിപ്പൈന്‍സ് നാട്ടില്‍ തിരികെ എത്തിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നായി 13,537 പേരെ കഴിഞ്ഞയാഴ്ചയാണ് തിരികെ എത്തിച്ചതെന്ന് വിദേശകാര്യ വകുപ്പ് അറിയിച്ചു.
തിരികെ എത്തിയ പ്രവാസികള്‍ക്ക് സാരി സ്‌റ്റോറുകള്‍, റെസ്‌റ്റോറന്റുകള്‍, മാംസ ശാലകള്‍, വാട്ടര്‍ റീഫില്ലിംഗ് സ്റ്റേഷന്‍, കൃഷി, കന്നുകാലി വളര്‍ത്തല്‍ എന്നിവ തുടങ്ങുന്നതിന് സഹായിക്കാന്‍ ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തി.
കോവിഡ് കാരണം വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍വകുപ്പ് 200 ഡോളര്‍ വീതം ഒറ്റത്തവണ സഹായം നല്‍കുന്നു.വിദേശ തൊഴിലാളികളുടെ പുനരധിവാസത്തിന് 180 കോടി പെസോയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്. പ്രവാസികളുടെ ആശ്രിതരായ വിദ്യാര്‍ഥികള്‍ക്ക് 30,000 പെസോ വീതം സഹായം നല്‍കുന്നു.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുനരധിവാസ പ്രക്രിയയാണിതെന്ന് വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി സാറ ലൗ അറിയോല പറഞ്ഞു. കഴിഞ്ഞയാഴ്ച ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ചാര്‍ട്ടേഡ് വിമാനത്തിലാണ് സൗദി അറേബ്യയിലെ ദമാമില്‍നിന്ന് 319 പേരെ നാട്ടിലെത്തിച്ചത്. ഡിസംബര്‍ അവസാനിക്കുന്നതോടെ 80,000 പ്രവാസികളെ കൂടി നാട്ടിലെത്തിക്കാനാണ് പദ്ധതി.