Sorry, you need to enable JavaScript to visit this website.

മാസ്‌കുകളുടെ ലോകം, മാറ്റത്തിന്റെ കാലം

കാളിദാസനോ  ചാൾസ് ഡാർവിനോ മനസ്സിൽ കണ്ട പരിണാമഭംഗി യുഗങ്ങളിലൂടെ രൂപപ്പെടുന്നതല്ല, വർത്തമാനത്തിലും സംഭവിക്കുന്നതാകാം എന്നു വിചാരിക്കുന്ന ശാസ്ത്രകാരനല്ലാത്തയാൾ ഞാൻ മാത്രമല്ല. ശാസ്ത്രകാരന്മാരിലും ശാസ്ത്രകാരികളിലും ആ വിചാരം പുലർത്തുന്നവർ കുറെ കാണും. മനുഷ്യൻ ജീവിച്ചിരിക്കേ തന്നെ പരിണാമഭംഗിയോ വൈകൃതമോ ഉൾക്കൊള്ളുന്നു എന്നാണ് സൂസൻ ഗ്രീൻ ഫീൽഡ് ഉന്നയിക്കുന്ന തിയറി.
ഔഷധ ശാസ്ത്രം പഠിച്ചു പാസായ ആളാണ് സൂസൻ ഗ്രീൻഫീൽഡ്. പഠിച്ചു പഠിച്ച് അവർ ജൈവ ശാസ്ത്രത്തിലേക്കും സിരാശാസ്ത്രത്തിലേക്കും കടന്നു കയറി. ആ പുരോഗമനത്തിനിടെ അവർ കണ്ടെത്തി, പരിണാമം സംഭവിക്കാൻ നീണ്ട നൂറ്റാണ്ടുകൾ വേണ്ട, ഉടനുടൻ സംഭവിക്കാം, അതു കണ്ടറിയാൻ കഴിയണമെന്നേയുള്ളൂ.  
രണ്ടേകാൽ നൂറ്റാണ്ടത്തെ പാരമ്പര്യമുള്ള റോയൽ ഇൻസ്റ്റിറ്റിയൂഷൻ എന്ന ബ്രിട്ടീഷ് ശാസ്ത്ര സ്ഥാപനത്തിന്റെ അധ്യക്ഷയായി സൂസൻ ഗ്രീൻഫീൽഡ്.  ആ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ സ്ത്രീയും അവർ ആയിരുന്നു.  കഷ്ടകാലത്തിന് റോയൽ ഇൻസ്റ്റിറ്റിയൂഷൻ കടം കേറിയതും അക്കാലത്തായിരുന്നു. അതുകൊണ്ടൊന്നും അവർ വിട്ടുകൊടുത്തില്ല, കെട്ടിടം മോടി പിടിപ്പിക്കാനും ബാറിനും ഭക്ഷണശാലക്കും ഭംഗി വരുത്താനുമുള്ള പരിപാടികളുമായി മുന്നോട്ടു പോയി. സ്ഥാപനം അവരെ പറഞ്ഞുവിട്ടു.
പരിണാമത്തെപ്പറ്റിയും പുതിയ സാങ്കേതിക വിദ്യയെപ്പറ്റിയും സൂസൻ ഗ്രീൻഫീൽഡ് ഉന്നയിച്ച ചിന്താഗതി നിലക്കാത്ത ചർച്ചക്ക് വിഷയമായി. കംപ്യൂട്ടറിന്റെ കാമുകിയായിരുന്നില്ല അവർ.  മനുഷ്യ മനസ്സിനെ അതെങ്ങനെ വികലമാക്കാം എന്ന് അവർ ആശങ്കിച്ചു. ആ ആശങ്കയുടെ ഭാഗമായിരുന്നു പരിണാമം സംഭവിക്കാൻ കാത്തിരിക്കേണ്ട, ഇപ്പൊഴേ അതു നടന്നുകൊണ്ടിരിക്കുന്നു എന്ന നിഗമനം.  
പോയ കൊല്ലത്തെ പരിണാമ വിശേഷം സങ്കലനം ചെയ്യുന്ന തിരക്കിലാണ് ഏവരും, വിശേഷിച്ച് മാധ്യമങ്ങൾ. ഒരു കൊല്ലം കൊണ്ടു രൂപപ്പെട്ടതാകാം, എത്യോപ്യയിലെ ഉൾക്കാടുകളിൽനിന്നു കണ്ടെടുത്ത മനുഷ്യ രൂപം ഇന്നത്തേതാകാൻ വേണ്ടിവന്ന അറുപതിനായിരം കൊല്ലത്തിന്റെ വരദാനമാകാം, ആ വഴിയേ ആലോചന കുനികുത്തിപ്പായുകയായിരുന്നു. 
ഞാൻ ആലോചിക്കുന്നു, മനുഷ്യൻ വസ്ത്രം അണിയാൻ തുടങ്ങിയിട്ട് കാലമെത്രയായി? മുഖ കവചത്തിന്റെ പഴക്കം എത്ര വരും? വരാനിരിക്കുന്ന മുഖ കവചത്തിന്റെ രൂപവും ഭാവവും എന്തായിരിക്കും?
ഒരു കൊല്ലം തികച്ചെടുത്തില്ല മനുഷ്യരാശിയെ മുഴുവൻ മുഖാവരണം ധരിച്ചു ശീലിപ്പിക്കാൻ.  ഇന്ത്യയെപ്പോലുള്ള വലിയ രാജ്യങ്ങളും വവ്വാലു പോലുള്ള കരിബിയൻ റിപ്പബ്ലിക്കുകളും അവിടത്തെ ഓരോ പൗരനും ഇഷ്ടപ്പെട്ടോ അല്ലാതെയോ മുഖം മറയ്ക്കുന്നു. വടക്കേ ഇന്ത്യയിലെ പെണ്ണുങ്ങൾ  തലയും പാതി മുഖവും മറക്കുന്നവരാണ്. പ്രലോഭിപ്പിക്കപ്പെടുന്നവർ കാണാതിരിക്കട്ടെ എന്നാകും പ്രാർഥന. 
അങ്ങനെ ഒരു ആവരണം ഫാഷനാകാൻ നൂറ്റാണ്ടുകൾ എടുത്തിരിക്കുന്നു.  അതിന്റെ ആവശ്യവും പരിമിതമായിരുന്നു. നമ്മുടെ യുഗവിശേഷത്തിൽ, 2020 ൽ, മുഖ കവചത്തിന്റെ സന്ദർഭവും ആവശ്യവും പ്രചാരവും വേറൊരു രീതിയിൽ വേണം നോക്കിക്കാണാൻ. 
നോക്കൂ, എത്ര പെട്ടെന്നാണ് മുഖ കവചം മാർക്കറ്റിനെ കൈയടക്കിയത്! നേരത്തേ പറഞ്ഞ സ്ത്രീകളെ കൂടാതെ, ശസ്ത്രക്രിയാ മുറികളിൽ എത്തുന്ന ഡോക്ടർമാരും നഴ്‌സുമാരും മാത്രമായിരുന്നു കഴിഞ്ഞ മാർച്ചിനു മുമ്പ് മുഖം മറച്ചു കാണപ്പെട്ടിരുന്നവർ. സ്വതന്ത്രമായി മനുഷ്യ ശ്വാസത്തിലൂടെ ഭീകര പ്രവർത്തനത്തിനിറങ്ങുന്ന വൈറസുകളെ ഒതുക്കിനിർത്തുകയായിരുന്നു അന്നും ഇന്നും ലക്ഷ്യം. 
അതിനു വേണ്ടി മനുഷ്യനായി ജനിച്ചു ജീവിക്കുന്ന ഓരോ ആളെയും തരപ്പെടുത്താനായിരുന്നു പരിപാടി.  ഫെബ്രുവരിയിൽ കേട്ടുകേൾവി പോലുമില്ലാതിരുന്ന കവച വിപ്ലവം മാർച്ചിൽ പൊട്ടിപ്പുറപ്പെട്ടു.  ഇത്രയേറെ മനുഷ്യർ ഇത്ര സർവാംഗീണമായ വേഷവിധാനത്തിനു വിധേയമായ ചരിത്രമില്ല.  അതൊന്നും തിരുത്തിവരക്കാനിടയുണ്ടെന്നു തോന്നുന്നുമില്ല.
മുഖ കവചം വേഷവിധാനത്തിൽ വരുന്ന മാറ്റമല്ലെന്നു പ്രത്യേകം പറയട്ടെ.  കാണാൻ കൊള്ളാവുന്ന പരിണാമ ഭംഗി രൂപപ്പെടുത്തുകയല്ല ഉദ്ദേശ്യം. വാസ്തവത്തിൽ പ്രാണന്റെ ഗതിയെ നിയന്ത്രിക്കാനുള്ള ഉപകരണമാണ് നമ്മുടെ മുഖം കടന്നാക്രമിച്ചിരിക്കുന്ന ആവരണം. പ്രാണന്റെ ആരോഹണാവരോഹണങ്ങളെ ശാസ്ത്ര സഹായമില്ലാതെ ക്രമീകരിക്കുന്ന യോഗികളെപ്പോലെ, പരിചയും പടവാളുമില്ലാതെ വൈറസുകളെ വരുതിയിൽ നിർത്തുന്നതാണ് മുഖാവരണത്തിന്റെ പുതിയ തന്ത്രം.
 കാലദേശങ്ങളെ മാനിക്കാതെ പ്രചരിക്കുന്ന മുഖ കവചത്തിനു പകരം വെക്കാൻ ഒരു സംവിധാനം മനുഷ്യ ശരീരത്തിൽ നെയ്തു പിടിപ്പിക്കാൻ പറ്റുമോ എന്നതായിരിക്കും അടുത്ത ശ്രമം.  ഇന്നോ നാളെയോ നടക്കണമെന്നില്ല, കാലം എടുത്തേക്കാം, വൈറസിനു കയറിക്കൂടാൻ പറ്റാത്ത ഒരു രൂപഘടന പരിണമിച്ചുണ്ടാകും, ഉണ്ടാകണം. 
മനുഷ്യന്റെ ഓർമയിൽ ഇത്ര വേഗത്തിലും വ്യാപ്തിയോടെയും വിപണി അടക്കിവാണ ഒരു സാധനമോ സാമഗ്രിയോ വേറെയില്ല.  നമ്മുടെ ധനവ്യവസ്ഥയിൽ ഏറ്റവും അധികം പ്രചാരവും ലാഭവും ഉണ്ടായിട്ടുള്ളത് ഫോണിനും കാറിനും കള്ളിനുമായിരിക്കും. അതിനെയൊക്കെ കടത്തിവെട്ടുന്നതാണ് മാസ്‌കിന്റെ മാർക്കറ്റ്. 
ശസ്ത്രക്രിയക്കെത്തുന്ന രോഗിക്കും ഡോക്ടർക്കും യോഗിക്കും ഭോഗിക്കും വനിതക്കും വിനീതക്കും ആർക്കും, ഒഴിച്ചുകൂടാത്തതാണ് മുഖ കവചം.  അതിനെ ഉപജീവിച്ചാകും ഇനി നമ്മുടെ മുഖ്യ വ്യവസായ ഗവേഷണം.  
നിലനിൽപിന്റെ പ്രശ്‌നമാണ് വൈറസും മനുഷ്യനും തമ്മിലുള്ള യുദ്ധത്തിലൂടെ ഉന്നയിക്കപ്പെടുന്നത്. അതിനു മുഖാവരണം നിർമിച്ചു കൂട്ടിയാൽ പോരാ.  വൈറസുകളെ വിരട്ടി നിർത്തുന്ന ശരീര ഘടന രൂപപ്പെടുന്നത് വരെയെങ്കിലും ലോകത്തിനു മുഴുവൻ ആവശ്യമായ മുഖകവചം ഉണ്ടാക്കിക്കൊണ്ടിരിക്കണം. അതോടൊപ്പം കൈയിലും കാലിലും ഏതു സാധനത്തിലും പിടിച്ചുകേറാൻ തക്കം നോക്കിയിരിക്കുന്ന വൈറസിനെ കഴുകിക്കളയാൻ പറ്റിയ നിറവും മണവുമുള്ള ലായനികളും വേണ്ടിവരും. ഇഞ്ച കൊണ്ടും താളി കൊണ്ടും ശുചിത്വം ഉറപ്പു വരുത്തിയിരുന്ന നമുക്ക് ലക്‌സും റെക്‌സോണയും 501 ഉം പരിചിതമായത് ഒരു നൂറ്റാണ്ടിനിപ്പുറമായിരുന്നു. അന്നും കൈ കഴുകാനും മുഖം തുടയ്ക്കാനും വിശേഷിച്ചൊരു ലായനി ഇല്ലായിരുന്നു.  ദാ, അതൊക്കെ നിത്യോപയോഗ സാധനമായിരിക്കുന്നു 2020 ന്റെ പരിണാമ ഭംഗിയോടെ.   
മുഖകവചവും സാനിറ്റൈസറും തൊട്ടാലറിയാം. തൊട്ടാലറിയാത്ത ചില മാറ്റങ്ങളും 2020 മനുഷ്യനിൽ വരുത്തിയ പരിണാമ പ്രക്രിയയിൽ കണ്ടെടുക്കാം. അരിസ്റ്റോട്ടലിന്റെ കാലം മുതൽ മനുഷ്യ കഥാനുഗായകർ പാടി വരുന്നതാണ് 'മനുഷ്യൻ ഒരു സാമൂഹ്യ ജീവി' എന്ന പല്ലവി. അടുക്കുകയല്ല, അകന്നുനിൽക്കുകയാണ് ആരോഗ്യത്തിനു ഗുണകരം എന്നാണ് ഇപ്പോഴത്തെ വേദാന്തം. ഏകാന്തതയുടെ നൂറ്റാണ്ടുകളെപ്പറ്റി എത്രയോ ആളുകൾ എഴുതിയിരിക്കുന്നു. 
എഴുത്തും ശസ്ത്രക്രിയയുമായി അമേരിക്കയിൽ കഴിയുന്ന അതുൽ ഗവാണ്ടേ ഒരു ലേഖനത്തിനുള്ള ഗവേഷണത്തിനായി ജോർജിയയിലെ ജയിലിൽ കഴിയുന്ന ഒരു പുള്ളിയെ കണ്ടുമുട്ടി. പല കൊലകൾ നടത്തിയിട്ടുള്ള അയാൾ പുറത്തിറങ്ങാൻ ഇടയില്ല.  അയാൾ ഗവാണ്ടേയോടു പറഞ്ഞു, 'ഞാൻ അനുഭവിക്കുന്ന ഏകാന്തത ശത്രുക്കൾക്കു പോലും ഉണ്ടാകട്ടെ എന്നു ഞാൻ പ്രാർഥിക്കുകയില്ല.' അവസാനിക്കുന്ന ഈ കൊല്ലത്തിന്റെ തുടക്കത്തിലേക്കു നോക്കൂ  മനുഷ്യ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ ഇടപഴക്കം ഉണ്ടായത് ഇക്കൊല്ലമാകും. കഴിയുന്നത്ര ആളുകളുമായി ഇടപഴകാതിരിക്കുക എന്നാണ് പുതിയ സുഭാഷിതം. 
ഇടപഴകണമെങ്കിൽ, തമ്മിൽ തൊടാതെ, പെരുവഴിയിലെ നിഴലുകൾ പോലെ ഇടപഴകാനുള്ള അവസരവും സൗകര്യവും മനുഷ്യൻ തന്നെ ഒരുക്കിയിരിക്കുന്നു. ഇംഗിതങ്ങൾ കൈമാറാൻ പക്ഷേ എഴുത്തും എഴുത്താണിയും ആവശ്യമില്ല.  ആശയങ്ങൾ ആവിഷ്‌കരിക്കാനും വിനിമയം ചെയ്യാനും പുതിയ വഴികൾ തുറക്കുന്നുണ്ടെങ്കിലും ഉടനുടൻ സംഭവിക്കുന്ന പരിണാമത്തെപ്പറ്റി നമ്മൾ ഒരു പക്ഷേ അത്ര ബോധവാന്മാരല്ല എന്നു തോന്നുന്നു. 
അതുകൊണ്ടാകാം ഒരിക്കലും ഉപയോഗിക്കാനിടയില്ലാത്ത പേനകൾ കീശയിൽ കുത്തിയേ നമ്മൾ ഇന്നും നടക്കുന്നുള്ളൂ.  പേന മാത്രമല്ല, അതുകൊണ്ട് എഴുതാവുന്ന അക്ഷരവും നമ്മുടെ വിരലുകൾക്ക് അന്യമായിത്തീരുന്നു. എഴുതാതെ നമ്മൾ എഴുത്തുകാരാകുന്നു. നവ നിരക്ഷരത്വത്തിലേക്കുള്ള ആ പ്രയാണത്തിൽ മുമ്പൊരിക്കലുമുണ്ടാകാത്ത വിധത്തിൽ മുന്നോട്ടു പോയിരിക്കുന്നു 2020. 

Latest News