റിയാദ് ലക്ഷ്യമിട്ട ഹൂത്തി മിസൈല്‍ തകര്‍ത്തു

റിയാദ്- സൗദി അറേബ്യന്‍ തലസ്ഥനമായ റിയാദ് ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. ഇന്നലെ വൈകുന്നേരമാണ് യെമന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് മിസൈല്‍ തൊടുത്തത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിയാദ് എയര്‍പോര്‍ട്ടിനു സമീപമാണ് ഹുത്തി മിസൈലുകള്‍ തകര്‍ത്തത്. ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്. മിസൈല്‍ പ്രതിരോധിക്കാന്‍ സൗദി പ്രതിരോധ സേന തൊടുത്ത ആന്റി ബാലിസ്റ്റിക് മിസൈലുകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. റിയാദ് എയര്‍പോര്‍ട്ട് പരിധിയിലാണ് മിസൈലിന്റെ അവശിഷടം പതിച്ചതെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. വിമാന സര്‍വീസകള്‍ക്ക് തടസ്സം നേരിട്ടിട്ടില്ല.
ജനജീവിതം സാധാരണ ഗതിയില്‍ തുടരുന്നതായും റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ  സര്‍വീസുകള്‍ക്ക് യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും സുരക്ഷാവൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഒക്‌ടോബര്‍ 30ന് യെമനിലെ സഇദയില്‍ നിലംപതിച്ച ബാലിസ്റ്റിക് മിസൈല്‍ ഹൂത്തികള്‍ സൗദി ലക്ഷ്യമാക്കി വിക്ഷേപിച്ചതായിരുന്നു. ഇതിന് മുമ്പ് ഒക്‌ടോബര്‍ മധ്യത്തിലും ഹൂത്തി മിലീഷ്യകള്‍ സൗദിയെ ലക്ഷ്യംവെച്ച് ഫജ് അത്വാന്‍ ഡിസ്ട്രിക്ടില്‍നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വടക്കന്‍ സന്‍ആയിലെ ദഹബാനില്‍ പതിച്ചിരുന്നു. സൗദി നഗരങ്ങളും ഗ്രാമങ്ങളും ഉന്നമിട്ട് ഹൂത്തികള്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ സൗദി സൈന്യം പലതവണ പരാജയപ്പെടുത്തി. 

 

Latest News