വന്ദേഭാരത് മിഷൻ കൈയൊഴിഞ്ഞ് വിദേശകാര്യ മന്ത്രാലയം, സർവീസുകൾ വാണിജ്യാടിസ്ഥാനത്തിൽ

ന്യൂദൽഹി- കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ നേരിട്ടുള്ള നടത്തിപ്പു ചുമതലയിൽനിന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പിൻവാങ്ങി. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന സർവീസുകൾ ഇപ്പോൾ വാണിജ്യ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.


ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് വന്ദേഭാരത് മിഷന്റെ കീഴിലുള്ള വിമാന സർവീസുകൾ നിയന്ത്രിക്കുന്നത്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഡിസംബർ എട്ടു വരെ വന്ദേഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യയുടെ 10,892 സർവീസുകൾ വിദേശ രാജ്യങ്ങളിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരെ മടക്കി എത്തിച്ചിട്ടുണ്ട്. 14.15 ലക്ഷം യാത്രക്കാരാണ് മിഷന്റെ ഭാഗമായി സഞ്ചരിച്ചത്. ഇതിൽ 5,444 സർവീസുകളിലായി 8,79,597 യാത്രക്കാർ ഇന്ത്യയിലേക്കു വന്നിട്ടുണ്ട്. 5448 സർവീസുകളിലായി ഇന്ത്യയിൽ നിന്ന് 5,36,061 പേർ പുറത്തേക്കും പോയിട്ടുണ്ട്. നിലവിൽ ഏഴാം ഘട്ടത്തിലേക്ക് കടന്ന വന്ദേഭാരത് മിഷൻ 2021 മാർച്ച് വരെ തുടരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചത്. 


കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മെയ് ആറിനാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ അമിത് ചാർജ് ഈടാക്കുന്നുണ്ടെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചാബിൽനിന്നുള്ള കോൺഗ്രസ് എം.പി ഗുർജിത് സിംഗ് ഔജ്‌ല കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് പരാതി നൽകിയിരുന്നു. വന്ദേഭാരത് മിഷന്റെ സുതാര്യത ഉറപ്പു വരുത്തി ഇത്തരം പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും എം.പി ആവശ്യപ്പെട്ടു. 


വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനാണ് സർക്കാർ വന്ദേഭാരത് മിഷൻ തുടങ്ങിയത്. എന്നാൽ, വിമാനക്കമ്പനികൾക്ക് അമിത ലാഭമുണ്ടാക്കാനുള്ള മാർഗമായി ഇതു മാറിയിരിക്കുന്നു. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണം എന്നു ചൂണ്ടിക്കാട്ടിയാണ് ഔജ്‌ല കഴിഞ്ഞ മാസം പരാതി നൽകിയത്. 
വന്ദേഭാരത് ടിക്കറ്റുകൾക്ക് അമിത ചാർജ് ഈടാക്കുന്നതായി വിവിധ കോണുകളിൽ നിന്നു നിരവധി യാത്രക്കാരും പരാതികൾ ഉന്നയിച്ചിരുന്നു. അതിനിടെയാണ്, വന്ദേഭാരത് മിഷന്റെ നടത്തിപ്പു ചുമതലയിൽ നിന്നു പിൻമാറിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. 

Latest News