സിബിഎസ്ഇ പരീക്ഷകള്‍ നീട്ടുമെന്ന് കരുതി അലംഭാവം പാടില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം

ദുബായ്- മാര്‍ച്ചില്‍ തന്നെ പരീക്ഷകള്‍ നടക്കുമെന്ന പ്രതീക്ഷയില്‍ ഒരുക്കം തുടരണമെന്ന് ദുബായിലെ സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂള്‍ മേധാവികള്‍ വിദ്യാര്‍ഥികളോട് അഭ്യര്‍ഥിച്ചു

ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കുമെന്ന അഭ്യൂഹത്തിനിടയിലാണ് പരീക്ഷക്ക് തയാറെടുക്കുന്നതില്‍ അലംഭാവം പാടില്ലെന്ന മുന്നറിയിപ്പ്.

ഇന്ത്യയില്‍ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നില്ലെങ്കില്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് കൂടൂതല്‍ സമയം നല്‍കമെന്ന് ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അടുത്തിടെ സൂചന നല്‍കിയതാണ് പരീക്ഷ നീട്ടിവെക്കുമെന്ന പ്രതീക്ഷക്ക് കാരണം.

കോവിഡ് വ്യാപനം കാരണം സ്‌കൂളുകള്‍ അടച്ചതുമൂലം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി  സിബിഎസ്ഇ പരീക്ഷാ തീയതി മെയ് അല്ലെങ്കില്‍ ജൂണ്‍ മാസത്തേക്ക് മാറ്റിവെക്കണമെന്ന് ഇന്ത്യയിലെ നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു.

ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെക്കുന്നത് പ്രയോജനകരമാകുമെന്ന വാദത്തെ യുഎഇയിലെ സിബിഎസ്ഇ സ്‌കൂള്‍ മേധാവികളും പിന്തുണച്ചിരുന്നു.

അതേസമയം സിബിഎസഇ പരീക്ഷ നീളുന്നത് ഉന്നത പഠനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷകളെ ബാധിക്കുമെന്ന ആശങ്ക അധ്യാപകര്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷക്ക് മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്  സ്‌കൂള്‍ മേധാവികള്‍ നിര്‍ദേശിക്കുന്നത്.

 

Latest News