കൊണ്ടോട്ടി- ആഭ്യന്തര മേഖലയിൽ വിമാന യാത്രക്കാരുടെ പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിൽ എയർ ഇന്ത്യക്ക് വീഴ്ച. ഇക്കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ രാജ്യത്തിനകത്ത് നടത്തിയ സർവ്വീസുകളിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചതും, അവ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതും എയർ ഇന്ത്യയാണ്. കഴിഞ്ഞ ഒമ്പത് മാസത്തെ എയർ ട്രാഫിക് റിപ്പോർട്ടിലാണ് ഈ വിവരം.
എയർ ഇന്ത്യ, ജെറ്റ് എയർവെയ്സ്, ജെറ്റ്ലൈറ്റ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ, എയർ ഏഷ്യ, എയർഗോ, ട്രൂജെറ്റ്, സൂം എയർ, വിസ്താര തുടങ്ങിയ വിമാന കമ്പനികൾ നൽകിയ എയർ ട്രാഫിക് റിപ്പോർട്ടിൽ ആഭ്യന്തര സെക്ടറിൽ യാത്രക്കാരുടേതായി 6,240 പരാതികൾ ലഭിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 5,403 പരാതികൾക്ക് പരിഹാരം കണ്ടെങ്കിലും 837 പരാതികൾക്ക് പരിഹാരമായിട്ടില്ല. തീർപ്പ് കൽപ്പിക്കാനുള്ളതിൽ 801 കേസുകളും എയർ ഇന്ത്യയുടേതാണ്. ശേഷിക്കുന്ന 35 പരാതികളിൽ 34 എണ്ണം ജെറ്റ് എയർവെയ്സ്, ജെറ്റ്ലെറ്റ് എന്നിവയുടേതും ഒരു കേസ് വിസ്താര വിമാന കമ്പനിയുടേതുമാണ്. വിമാനം റദ്ദാക്കൽ, ജീവനക്കാരുടെ മോശം പെരുമാറ്റം, ലഗേജ് നഷ്ടപ്പെടൽ, നഷ്ടപരിഹാരം നിഷേധിക്കൽ തുടങ്ങിയ പരാതികളാണ് വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽനിന്ന് ഉയരുന്നത്. ഏറ്റവും കൂടുതൽ യാത്രക്കാർ പരാതി ഉന്നയിച്ചത് എയർ ഇന്ത്യ, ഇൻഡിഗോ, ജെറ്റ് എയർവെയ്സ് എന്നിവക്കെതിരെയാണ്. ഇതിൽ മറ്റു വിമാന കമ്പനികൾ യാത്രക്കാരുടെ പ്രശ്നങ്ങളിൽ സമയത്തിന് പരിഹാരം കാണുമ്പോൾ എയർ ഇന്ത്യ ഇക്കാര്യത്തിൽ പിന്നോട്ടാണ്. കഴിഞ്ഞ ജനുവരിയിൽ എയർ ഇന്ത്യക്ക് ലഭിച്ച 334 പരാതികളിൽ 142ഉം പരിഹരിച്ചില്ല. ഫെബ്രുവരിയിൽ 306 കേസുകളിൽ 96 എണ്ണത്തിലും, മാർച്ചിൽ 242 കേസുകളിൽ 99 എണ്ണത്തിലും തീർപ്പായിട്ടില്ല. മറ്റു മാസങ്ങളിൽ ലഭിച്ച പരാതികൾ: ബ്രാക്കറ്റിൽ തീർപ്പാക്കാത്ത കേസുകൾ. ഏപ്രിൽ 226 (83), മെയ് 245 (134), ജൂൺ 196 (77), ജൂലൈ 218 (55), ഓഗസ്റ്റ് 211 (58), സെപ്റ്റംബർ 208 (68).
പരാതികളിൽ കൂടുതലും വിമാന സർവ്വീസുകൾ സമയം തെറ്റിക്കുന്നതിനെക്കുറിച്ചാണ്. ഓരോ മാസവും 30 ശതമാനത്തിലേറെ പരാതികളും ലഭിച്ചത് വിമാനങ്ങളുടെ മുടക്കം മൂലമുണ്ടായ പ്രശ്നങ്ങളാണ്. ബാഗേജ് പ്രശ്നങ്ങൾ, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവയെ കുറിച്ചുള്ള പരാതികളും കുറവല്ല. വിമാന കമ്പനികളുടെ എയർ ട്രാഫിക് റിപ്പോർട്ട് ഡി.ജി.സി.എക്കാണ് നൽകിയിരിക്കുന്നത്.






