മധ്യപ്രദേശില്‍ കോവിഡ് രോഗിക്ക് വ്യാജ പ്ലാസ്മ വിറ്റയാള്‍ അറസ്റ്റില്‍

ഗ്വാളിയോര്‍- മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോവിഡ് രോഗിക്ക് വ്യാജ പ്ലാസ്മ വിറ്റയാളെ പോലീസ് അറസ്റ്റ് ചെയ്തു. രോഗി നേരത്തെ മരിച്ചിരുന്നു. ത്യാഗി എന്ന പേരില്‍ അറിയപ്പെടുന്നയാളാണ് പ്രതി. പ്ലാസ്മ റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെയാളാണ് ഇദ്ദേഹം. വിവിധ ആശുപത്രികളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഗ്വാളിയോറിലെ അപ്പോളോ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവിടെ കോവിഡ് ചികിത്സയിലായിരുന്ന മനോജ് ഗുപ്ത എന്ന രോഗിയുടെ ബന്ധുക്കള്‍ പ്രതിയെ ബന്ധപ്പെട്ടത്. ജെഇഎച് ആശുപത്രിയിലെ ബ്ലെഡ് ബാങ്കിലെ ജീവനക്കാരന്‍ എന്നാണ് ത്യാഗി സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഈ ബ്ലെഡ് ബാങ്കിന്റെ രശീതി നല്‍കി 18,000 രൂപയാണ് ത്യാഗി പ്ലാസ്മയ്ക്കായി വാങ്ങിയ തുക. ഈ പ്ലാസ്മ നല്‍കിയതോടെ ചികിത്സയിലുള്ള രോഗിയുടെ നില വഷളായതാണ് സംശയത്തിനടയാക്കിയത്. ഇതോടെ ബ്ലെഡ് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ ത്യാഗിയുടമായി ഒരു ബന്ധവുമല്ലെന്ന് വ്യക്തമായി. രശീതിയും വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ ത്യാഗി മറ്റൊരാളില്‍ നിന്ന് പ്ലാസ്മ വാങ്ങിയതാണെന്ന് കണ്ടെത്തി. ഇതില്‍ ദ്രാവകം കലര്‍ത്തി നേര്‍പ്പിച്ചതായും തെളിഞ്ഞു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
 

Latest News