Sorry, you need to enable JavaScript to visit this website.

കര്‍ഷകരെ അടിച്ചമര്‍ത്താന്‍ സൈനിക നിക്കം; വൈറല്‍ വീഡിയോകള്‍ നിഷേധിച്ച് ആര്‍മി-video

ന്യൂദല്‍ഹി- കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ തലസ്ഥാനത്തേക്ക് വന്‍തോതില്‍ ആയുധങ്ങളുമായി സൈനിക ട്രക്കുകള്‍ നീങ്ങുകയാണെന്ന് വിശദീകരിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ വീഡിയോകളില്‍ കാണുന്ന ട്രക്കുകള്‍ കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ ദല്‍ഹിയിലേക്ക് നീങ്ങുന്നതല്ലെന്ന് കരസേനയുടെ പി.ആര്‍.ഒ കേണല്‍ അമന്‍ ആനന്ദ് ആള്‍ട് ന്യൂസിനെ അറിയിച്ചു.
വീഡിയോയില്‍ കാണുന്ന വാഹനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റേതാണെങ്കിലും ദല്‍ഹിയില്‍
പ്രതിഷേധത്തെ നേരിടാന്‍ വിന്യസിക്കാനുള്ളതാണെന്ന വാദം വസ്തുതാവിരുദ്ധമാണെന്നാണ് ഇന്ത്യന്‍ ആര്‍മി പി.ആര്‍.ഒ അറിയിച്ചത്.  പ്രചരിക്കുന്ന വീഡിയോകളില്‍ സൈനിക ഉദ്യോഗസ്ഥരെ കുറിച്ച് സൂചനകളൊന്നുമില്ല.   ട്രക്കുകള്‍, കാര്‍ഗോകള്‍,  പീരങ്കികള്‍ എന്നിവ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ.

ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയിലേക്കുള്ള അതിര്‍ത്തികളായ സിങ്കു, തിക്രി, ഗാസിപൂര്‍, ചില്ല (ദല്‍ഹി- നോയിഡ) എന്നിവിടങ്ങളില്‍ തമ്പടിച്ചിരിക്കെ ദ്രുത കര്‍മ സേനയെ നിയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്.  
കര്‍ഷകരുടെ പ്രതിഷേധത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തെ തലസ്ഥാനത്തെക്ക് വിളിച്ചുവെന്നാണ് വീഡിയോകളില്‍ പറയുന്നത്.

ദല്‍ഹി-ഗാസിയാബാദ് ടോള്‍ ഗേറ്റില്‍ വെച്ചാണ് ക്ലിപ്പ് ചിത്രീകരിച്ചതെന്ന് റെക്കോര്‍ഡ് ചെയ്തയാള്‍ പറയുന്നു. വീഡിയോയില്‍, സൈനിക ട്രക്കുകള്‍ വ്യക്തമായി കാണാന്‍ കഴിയുന്നുമുണ്ട്.  സൈന്യത്തെ ഉപയോഗിച്ച് കര്‍ഷകരുടെ പ്രതിഷേധം തകര്‍ക്കാന്‍ മോഡി സര്‍ക്കാര്‍ പദ്ധതിയിടുകയാണെന്ന് വിശദീകരിക്കുന്ന വേറെയും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

നവംബര്‍ 30 ന് യു.കെ ആസ്ഥാനമായുള്ള ഗുരുദ്വാര  ശ്രീ ഗുരു സിംഗ് സഭ സൗത്താളിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും സൈനിക ട്രക്കുകള്‍ നീങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.  

സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തെ ദല്‍ഹിയില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുവെന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.

ദല്‍ഹിയില്‍ മറ്റൊരു കൂട്ടക്കൊലയും വംശഹത്യയും ഞങ്ങള്‍ അനുവദിക്കില്ലെന്ന് പറയുന്ന വീഡിയോ ആയിരങ്ങളാണ് കണ്ടത്.

ഇത്തരം വീഡിയോകളില്‍ കാണുന്ന സൈനിക ട്രക്കുകള്‍ ദല്‍ഹിയില്‍ കര്‍ഷകരെ നേരിടാന്‍ പോകുന്നതല്ലെന്നാണ് സൈനിക വക്താവ് വിശദീകരിക്കുന്നത്.

 

 

Latest News