കോക്കോയും കുടുംബവും

കുടുംബത്തിലെ മികച്ച കളിക്കാരിയാവുകയാണ് തന്റെ സ്വപ്നമെന്ന് കോക്കൊ വാൻഡെവെഗെ പറയുമ്പോൾ അത് ചില്ലറക്കാര്യമായി കാണേണ്ട. അതിന് ഈ മുൻനിര ടെന്നിസ് താരം വല്ലാതെ പ്രയാസപ്പെടേണ്ടി വരും.

കുടുംബത്തിലെ മികച്ച കളിക്കാരിയാവുകയാണ് തന്റെ സ്വപ്നമെന്ന് കോക്കൊ വാൻഡെവെഗെ പറയുമ്പോൾ അത് ചില്ലറക്കാര്യമായി കാണേണ്ട. അതിന് ഈ മുൻനിര ടെന്നിസ് താരം വല്ലാതെ പ്രയാസപ്പെടേണ്ടി വരും. കാരണം വാൻഡെവെഗെയുടെ അമ്മ ടോണ ഒളിംപിക് നീന്തൽ താരമാണ്. അമ്മാവൻ കികി എൻ.ബി.എ ബാസ്‌കറ്റ്‌ബോൾ കളിക്കാരനും. മുത്തച്ഛൻ ഏണി, വലിയ അമ്മാവൻ മെൽ എന്നിവരും എൻ.ബി.എ താരങ്ങളായിരുന്നു. മറ്റൊരു അമ്മാവൻ ബ്രൂക്ക് ബീച്ച് വോളിബോൾ പ്രൊഫഷനലായിരുന്നു. അമ്മായി ഹെതർ യു.എസ് പോളോ ടീം ക്യാപ്റ്റനാണ്.
'താനാണ് കുടുംബത്തിലെ മികച്ച കായികതാരമെന്നാണ് എപ്പോഴും മുത്തച്ഛന്റെ അവകാശവാദം. അത് പൊളിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാം' - വാൻഡെവെഗെ പറയുന്നു. 
ഇത്തവണ യു.എസ് ഓപൺ സെമിയിലെത്തി ആ പാതയിൽ വലിയ ചുവട് മുന്നോട്ടുവെച്ചിരിക്കുകയാണ് ഇരുപത്തഞ്ചുകാരി. ലോക ഒന്നാം നമ്പർ കരൊലൈന പ്ലിസ്‌കോവയെയാണ് ക്വാർട്ടറിൽ മുട്ടുകുത്തിച്ചത്. സെമിയിൽ നാട്ടുകാരിയും അടുത്ത കൂട്ടുകാരിയുമായ മാഡിസൻ കീസിനോട് വാൻഡെവെഗെ അടിയറവ് പറഞ്ഞു. ജനുവരിയിൽ ഓസ്‌ട്രേലിയൻ ഓപണിലും പതിനാറാം റാങ്കുകാരി സെമി കളിച്ചു. 
മുത്തച്ഛന്റെ ഉപദേശമാണ് വാൻഡെവെഗെയെ അച്ചടക്കമുള്ള കളിക്കാരിയാക്കിയത്. ജോൺ വുഡന്റെ 'പിരമിഡ് ഓഫ് സക്‌സസ്' തത്വത്തിന്റെ ആരാധകനാണ് മുത്തച്ഛൻ. ലോസ്ആഞ്ചലസിലെ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയയിലെ ഐതിഹാസിക ബാസ്‌കറ്റ്‌ബോൾ കോച്ചായിരുന്നു വുഡൻ. വാൻഡെവെഗെയുടെ അമ്മാവൻ നാലു വർഷത്തോളം യൂനിവേഴ്‌സിറ്റി ടീമിൽ കളിച്ചിരുന്നു. വിജയിക്കണമെങ്കിൽ അടിത്തട്ടിൽനിന്ന് തുടങ്ങണമെന്നതാണ് വുഡന്റെ ആശയം. ഈ ആപ്തവാക്യം ഓർമയുള്ള കാലം മുതൽ തന്റെ കുളിമുറിയുടെ ചുമരിലുണ്ടെന്ന് വാൻഡെവെഗെ പറയുന്നു. അതെനിക്ക് മനഃപാഠമാണ്. സോക്‌സ് എങ്ങനെ മര്യാദക്ക് ധരിക്കണമെന്നതു മുതൽ ആദ്യപാഠം തുടങ്ങുന്നു, നന്നായി തുടങ്ങുന്നത് വലിയ ആത്മവിശ്വാസം നൽകും - വാൻഡെവെഗെ പറഞ്ഞു. 'കുട്ടിക്കാലത്ത് ഒന്നും ശ്രദ്ധിക്കില്ല. കളിക്കണം, ജയിക്കണം. അത്രമാത്രം. ഷൂട്ടിംഗോ, സോക്കറോ എന്തുമാവട്ടെ'.
ഇത്തവണ യു.എസ് ഓപണിൽ വാൻഡെവെഗെ കളിക്കുന്നതു കാണാൻ അമ്മാവൻ കികി എത്തിയിരുന്നു. അത് വലിയ ആവേശം പകർന്നു. 14 സീസണുകളിൽ എൻ.ബി.എയിൽ കളിച്ചിരുന്നു കികി. ഡെൻവർ, പോർട്‌ലന്റ്, നിക്‌സ്, ലോസ്ആഞ്ചലസ് ക്ലിപ്പേഴ്‌സ് ടീമുകളിൽ കളിച്ചു. കോച്ചും ജനറൽ മാനേജറുമായി. വാൻഡെവെഗെയുടെ അമ്മ ടോണ 1976 ലെ ഒളിംപിക്‌സിൽ ബാക്‌സ്‌ട്രോക് നീന്തൽ താരമായിരുന്നു. അമ്മയുടെ അമ്മ 1952 ൽ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ അച്ഛൻ ഏണി വാൻഡെവെഗെ ന്യൂയോർക്ക് നിക്‌സിനായാണ് ബാസ്‌കറ്റ്‌ബോൾ കളിച്ചിരുന്നത്. മൂന്നു തവണ എൻ.ബി.എ ഫൈനലിലെത്തിയ ടീമിലുണ്ടായിരുന്നു. ഏണി 2014 ൽ മരിച്ചു. 
വല്യമ്മയുടെ സഹോദരൻ മെൽ ഹചിൻസും നിക്‌സ് ഫോർവേഡായിരുന്നു. മിലുവാകി ഹോക്‌സ്, ഫോർട് വെയ്ൻ പിസ്റ്റൺസ് ടീമുകൾക്കും കളിച്ചു. നാലു തവണ എൻ.ബി.എ ഓൾസ്റ്റാർ ടീമിലെത്തി. രണ്ടു തവണ എൻ.ബി.എ ഫൈനലിലെത്തിയ ടീമിലുണ്ടായിരുന്നു. 

Latest News