ഏറ്റവുമധികം ഗോൾ പിറക്കുകയും ഏറ്റവുമധികം കാണികൾ എത്തുകയും ചെയ്ത അണ്ടർ-17 ലോകകപ്പാണ് ഇന്ത്യയിൽ കടന്നുപോയത്. കൂടുതൽ ഗോളടിച്ച ടീമായ ഇംഗ്ലണ്ട് ചാമ്പ്യന്മാരായി. തോൽവിയോടെ തുടങ്ങുകയും പിന്നീട് കത്തിക്കയറുകയും ചെയ്ത ടീമായ സ്പെയിനിനെ അവർ ഫൈനലിൽ തോൽപിച്ചു. മികച്ച കളിക്കാരനായി ഫിൽ ഫോദനും (ഇംഗ്ലണ്ട്) ടോപ്സ്കോററായി റിയാൻ ബ്രൂസ്റ്ററും (ഇംഗ്ലണ്ട്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളി ബ്രസീലിന്റെ ഗബ്രിയേൽ ബ്രസാവോയാണ്. ബ്രസീലിനാണ് ഫെയർ പ്ലേ ബഹുമതി. ലോകകപ്പിലെ കൗതുകകമായ ചില കണക്കുകൾ.
1.35 മില്യൻ - 13,47,133 പേരാണ് ടൂർണമെന്റിലെ 52 മത്സരങ്ങൾ കാണാനെത്തിയത്. ഏറ്റവുമധികം പേർ വീക്ഷിച്ച ലോകകപ്പ്. 1985 ൽ ചൈനയിൽ നടന്ന പ്രഥമ അണ്ടർ-17 ലോകകപ്പിലെ 12.3 ലക്ഷം പേർ കളി കണ്ട റെക്കോർഡാണ് ഇന്ത്യ തകർത്തത്. ശരാശരി 25,906 പേരാണ് ഇന്ത്യയിൽ ഓരോ മത്സരവും വീക്ഷിച്ചത്.
1 - യൂറോപ്പിലെ രണ്ടു ടീമുകൾ ആദ്യമായാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഇക്കഴിഞ്ഞ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ട്-സ്പെയിൻ കലാശപ്പോരാട്ടമായിരുന്നു. അന്ന് ഇംഗ്ലണ്ട് ഷൂട്ടൗട്ടിൽ തോൽക്കുകയായിരുന്നു.
2 - ഈ വർഷം ഇംഗ്ലണ്ട് ടീം നേടുന്ന രണ്ടാമത്തെ ലോകകപ്പാണ് ഇത്. കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ തെക്കൻ കൊറിയയിൽ അരങ്ങേറിയ അണ്ടർ-20 ലോകകപ്പിലും ഇംഗ്ലണ്ട് കിരീടം നേടി. ഒരേ വർഷം രണ്ട് ലോകകപ്പ് നേടാൻ മുമ്പ് ഒരു ടീമിനേ സാധിച്ചുള്ളൂ, 2003 ൽ ബ്രസീലിന്.
3 - ഒരേ വൻകരയിലെ രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടിയത് മൂന്നാം തവണയായിരുന്നു. മുമ്പ് രണ്ടു തവണയും ആഫ്രിക്കൻ ടീമുകൾ തമ്മിലായിരുന്നു ഫൈനൽ. 1993 ൽ നൈജീരിയ 2-1 ന് ഘാനയെ തോൽപിച്ചു, 2005 ൽ നൈജീരിയ 2-0 ന് മാലിയെയും.
4 - ഒന്നിൽ പോയാൽ മൂന്നിൽ എന്നാണ് ചൊല്ല്. എന്നാൽ സ്പെയിൻ നാലാം തവണയാണ് ഫൈനലിൽ തോൽക്കുന്നത്. 1991 ലും 2003 ലും 2007 ലുമായിരുന്നു മുൻ തോൽവി. ഇത്തവണ ബ്രസീലിനോട് കൊച്ചിയിൽ ആദ്യ കളിയിൽ തോറ്റശേഷം ആക്രമണ ഫുട്ബോളിലൂടെ സ്പെയിൻ കുതിക്കുകയായിരുന്നു. പക്ഷെ കളി ജയിക്കാൻ ആക്രമണവും കിരീടം നേടാൻ നല്ല പ്രതിരോധവുമാണ് വേണ്ടതെന്ന ഫുട്ബോൾ തത്വം ഒടുവിൽ ശരിയെന്ന് തെളിഞ്ഞു. കലാശപ്പോരാട്ടത്തിൽ അവർക്ക് അടിതെറ്റി.
5 - അഞ്ചു തവണ റഫറിമാർ ചുവപ്പ് കാർഡ് പുറത്തെടുത്തു. 141 മഞ്ഞക്കാർഡുകളും അവർ കാണിച്ചു.
6 - ഗോളടിക്കുകയെന്നത് എളുപ്പമല്ലെന്ന് സ്ട്രൈക്കർമാരോട് ചോദിച്ചാലറിയാം. സ്വന്തം പോസ്റ്റിൽ ഗോളടിക്കുക അതിനെക്കാൾ പ്രയാസമാണ്. ഈ ലോകകപ്പിൽ ആറു പേരാണ് സ്വന്തം പോസ്റ്റിൽ ഗോളടിച്ചത്.
7 - ഫൈനലിൽ പിറന്നത് ഏഴ് ഗോളാണ്. അണ്ടർ-17 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന ഫൈനൽ. കഴിഞ്ഞ 16 ഫൈനലുകളിൽ ആകെ പിറന്നത് 42 ഗോൾ മാത്രമാണ്. ശരാശരി വെറും 2.47
8 - ടൂർണമെന്റിൽ തങ്ങളുടെ ഏഴ് കളികളിലും ഇംഗ്ലണ്ട് ഗോളടിച്ചു. മൊത്തം 23 ഗോൾ അവർ സ്കോർ ചെയ്തു. അതിൽ എട്ടെണ്ണം സ്വന്തമാക്കിയ റിയാൻ ബ്രൂസ്റ്ററിന് സുവർണ പാദുകം ലഭിച്ചു.
24 - ടൂർണമെന്റിൽ പങ്കെടുത്തത് 24 ടീമുകളായിരുന്നു. ഇരുപത്തിനാലാം സ്ഥാനത്തായിരുന്നു ആതിഥേയരായ ഇന്ത്യ. ഇന്ത്യക്കൊപ്പം അരങ്ങേറിയ രണ്ടു ടീമുകളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. നൈജർ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ജപ്പാനെ തളച്ച് ന്യൂകാലിഡോണിയ ഒരു പോയന്റ് സമ്പാദിച്ചു.
99 - പാരഗ്വായ്യുടെ അലൻ റോഡ്രിഗസിന് സ്കോർ ചെയ്യാൻ വെറും 99 സെക്കന്റേ വേണ്ടി വന്നുള്ളൂ. ടൂർണമെന്റിലെ വേഗമേറിയ ഗോൾ. ന്യൂസിലാന്റിനെതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു അലന്റെ ഗോൾ.
183 - മൊത്തം 183 തവണ ഈ ലോകകപ്പിൽ വല കുലുങ്ങി. അണ്ടർ-17 ലോകകപ്പ് റെക്കോർഡ്. ഒരു കളിയിൽ ശരാശരി 3.52 ഗോൾ. എന്നാൽ മികച്ച ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനമേയുള്ളൂ ഈ ലോകകപ്പിന്. 1997 ൽ ഈജിപ്തിലെ ലോകകപ്പിലും 2003 ലെ ഫിൻലന്റ് ലോകകപ്പിലും 3.66 ശരാശരിയിൽ ഗോൾ പിറന്നു.
അവിസ്മരണീയ മുഹൂർത്തങ്ങൾ
ഇന്ത്യ ആദ്യമായി വിരുന്നൊരുക്കിയ ലോകകപ്പാണ് കടന്നു പോയത്. ടൂർണമെന്റ് വൻ വിജയമാണെന്ന് ഫിഫയും എ.ഐ.എഫ്.എഫും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. ഇന്ത്യൻ ഫുട്ബോൾ അധികാരികൾ അവകാശപ്പെട്ട അത്ര ആശാവഹമായിരുന്നില്ല ആതിഥേയ ടീമിന്റെ പ്രകടനമെന്ന് പലരും ചൂണ്ടിക്കാട്ടി. മൊത്തം വളർച്ചക്ക് അനുഗണമായ നയങ്ങൾ സ്വീകരിക്കുന്നതിനു പകരം ഒരു സംഘം കളിക്കാരിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കം തിരിച്ചടിയാവുമെന്നും പലരും അഭിപ്രായപ്പെടുന്നു. ഈ ലോകകപ്പിന്റെ ഗുണങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ഇന്ത്യക്കു സാധിക്കുമോയെന്ന് കണ്ടറിയേണ്ട കാര്യമാണ്. ഈ ലോകകപ്പ് കാലത്തിന് സമ്മാനിച്ച ചില നിമിഷങ്ങളുണ്ട്. ആ ഓർമകൾ ആർക്കും മായ്ച്ചുകളയാനാവില്ല
ജീക്സൻ തൂനോജാം
ഇന്ത്യൻ ഫുട്ബോൾ വളരെ പ്രതീക്ഷയോടെയാണ് ഈ കുട്ടികളെ നോക്കിയത്. ലോകകപ്പുകളുടെ വലിയ ലോകത്തേക്കുള്ള ഇന്ത്യയുടെ പിച്ചവെപ്പായിരുന്നു ഇത്. 15 കോടിയോളം രൂപ പരിശീലനത്തിനായി ചെലവഴിക്കപ്പെട്ട ആദ്യ ഇന്ത്യൻ ഫുട്ബോൾ ടീമായിരുന്നു ഇത്. പ്രതീക്ഷിച്ച ഉയരങ്ങളിലെത്താനായില്ലെങ്കിലും ചരിത്രം സൃഷ്ടിക്കാൻ ഈ കുട്ടികൾക്കായി. ജീക്സൻ തൂനോജാമിന്റെ പേര് ഒരിക്കലും ഇന്ത്യൻ ഫുട്ബോൾ മറക്കില്ല. ടൂർണമെന്റിൽ ഇന്ത്യയുടെ ഏക ഗോൾ, ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ഗോൾ, ഈ മണിപ്പൂരുകാരന്റെ തലയിൽ നിന്നായിരുന്നു. കൊളംബിയക്കെതിരായ രണ്ടാം മത്സരത്തിലായിരുന്നു ഈ ഗോൾ പിറന്നത്. ആ ഗോളിന്റെ ആഹ്ലാദത്തിൽ ഇന്ത്യ എല്ലാം മറന്നു. സ്വന്തം പ്രതിരോധം പോലും. തൊട്ടടുത്ത സെക്കന്റുകളിൽ തന്നെ കൊളംബിയ ഇന്ത്യൻ വല കുലുക്കി.
മിന്നുന്ന ഹാട്രിക്
കഴിവ് കൊണ്ടും കാണികളുടെ പിന്തുണ കൊണ്ടും ഈ ടൂർണമെന്റിന്റെ ടീമായിരുന്നു ബ്രസീൽ. മഞ്ഞപ്പടയുടെ സ്വപ്നങ്ങൾ പക്ഷെ ഇംഗ്ലണ്ടിന്റെ ഒറ്റയാൾ പട്ടാളം തകർത്തു. സെമി ഫൈനലിൽ റിയാൻ ബ്രൂസ്റ്ററിന്റെ ഹാട്രിക്കാണ് ബ്രസീലിന്റെ അടി തെറ്റിച്ചത്. കൊൽക്കത്തയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ ആ ഹാട്രിക് നിശ്ശബ്ദമാക്കി. അമേരിക്കക്കെതിരായ ക്വാർട്ടർ ഫൈനലിലും ബ്രൂസ്റ്റർ ഹാട്രിക് നേടിയിരുന്നു.
ഏഷ്യയുടെ വിജയം
ഏഷ്യൻ ടീമുകളിൽ ജപ്പാനായിരുന്നു എല്ലാവരും സാധ്യത കൽപിച്ചത്. ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖ് അത്ര മോശമായില്ല. ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നോക്കൗട്ട് റൗണ്ടിൽ ജപ്പാൻ വിറപ്പിച്ചു നിർത്തി. ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് രക്ഷപ്പെട്ടത്. എന്നാൽ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച ഏഷ്യൻ ടീം ഇറാനായിരുന്നു. ജർമനിയും കോസ്റ്ററീക്കയും ഗ്വിനിയുമുൾപ്പെട്ട ഗ്രൂപ്പ് സി-യിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇറാൻ. ജർമനിയെ 4 0 ന് തുരത്തിയത് ആരും പ്രതീക്ഷിക്കാത്ത ഫലമായിരുന്നു. ക്വാർട്ടറിൽ സ്പെയിനിനു മുന്നിലാണ് അവരുടെ പടയോട്ടം അവസാനിച്ചത്.
ഫോദന്റെ ഫൈനൽ
ലിവർപൂളിന്റെ റിയാൻ ബ്രൂസ്റ്ററും ബാഴ്സലോണയുടെ ആബേൽ റൂയിസും തമ്മിലുള്ള പോരാട്ടമായാണ് ഫൈനൽ വിലയിരുത്തപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റിക്കാരൻ ഫിൽ ഫോദനാണ് ഫൈനലിനെ കൈയിലെടുത്തത്. ടൂർണമെന്റിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഗോളടിച്ചത് ഫോദനായിരുന്നു. ഫൈനൽ രണ്ടു ഗോൾ നേടി. ഇംഗ്ലണ്ട് മധ്യനിരയിലെ എഞ്ചിനായിരുന്നു ഫോദൻ. സ്പെയിനിന്റെ ടികി ടാക ശൈലി ഫോദന്റെ സമർഥമായ ഇടപെടലുകളിൽ ഛിന്നഭിന്നമായി.
മനം കവർന്ന് കാലിഡോണിയ
ന്യൂകാലിഡോണിയയെ ആരും കണക്കിലെടുത്തിരുന്നില്ല. ഫിഫയുടെ ഏറ്റവും ദുർബലമായ മേഖലയായ ഓഷ്യാനയുടെ പ്രതിനിധികൾ എന്നേ അവരെ കരുതിയുള്ളൂ. ഓഷ്യാന മേഖലാ ഫൈനലിൽ പോലും ന്യൂസിലാന്റിനോട് അവർ തോറ്റത് മറുപടിയില്ലാത്ത ഏഴു ഗോളിനാണ്. ഗ്രൂപ്പ് മത്സരങ്ങളിലും അവരുടെ നില മെച്ചപ്പെട്ടില്ല. ഫ്രാൻസിനോട് ഒന്നിനെതിരെ ഏഴ് ഗോളിന് തോറ്റു, ഹോണ്ടൂറാസിനോട് മറുപടിയില്ലാത്ത അഞ്ചു ഗോളിനും. പക്ഷെ ജപ്പാനെതിരെ അവർ സടകുടഞ്ഞെഴുന്നേറ്റു. ഏഷ്യൻ വമ്പന്മാരെ 1-1 ന് പിടിച്ചുകെട്ടി. തലയുയർത്തി മടങ്ങാൻ അവർക്കു സാധിച്ചു.






