കോഴിക്കോട്- നാളെ രാവിലെ പതിനൊന്ന് മണിക്ക് പട്ടാളപള്ളിയിൽവെച്ച് യു എ ഖാദറിന്റെ മയ്യിത്ത് നിസ്ക്കാരം നടക്കുമ്പോൾ, കോഴിക്കോടിന്റെ സ്ഥിരസാന്നിധ്യമായിരുന്ന ആ സാഹിത്യകാരന്റെ അവസാന ആഗ്രഹങ്ങളിലൊന്ന് കൂടിയാണ് പൂർത്തിയാകുന്നത്. പട്ടാള പള്ളിയിലെ സ്ഥിരസാന്നിധ്യങ്ങളിലൊന്നായിരുന്ന ഈ തൃക്കോട്ടൂർപെരുമയുടെ കഥാകാരന്റെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു മരിച്ചശേഷമുള്ള മയ്യിത്ത് നമസ്ക്കാരം ഇവിടെവെച്ച് നടത്തണമെന്നത്. ശേഷം കൊയിലാണ്ടി കൊയിലാണ്ടി തൃക്കോട്ടൂർ മീത്തലെ പള്ളി ഖബർസ്ഥാനിൽ മറവുചെയ്യുവാൻ കൊണ്ടുപോകും.
സാധാരണ പ്രാദേശികമായ പള്ളികളിലോ മറ്റോ ആണ് മരണശേഷമുള്ള നിസ്ക്കാരം നടത്താറുള്ളത്. എന്നാൽ ബന്ധുക്കൾ അദ്ദേഹത്തിനിങ്ങനെയൊരാഗ്രഹമുണ്ടെന്നറിയിച്ചതോടെ പട്ടാളപള്ളി ഭാരവാഹികൾ ഇക്കാര്യത്തിൽ സമ്മതം മൂളുകളായിരുന്നു. ഏതാണ്ട് ഏതാണ്ട് ഒരു പതിറ്റാണ്ടു കാലത്തോളമായി നഗരഹൃദയ ഭാഗത്തെ പട്ടാള പള്ളിയിലെ സ്ഥിര സാന്നിധ്യമാണ് ഇദ്ദേഹം. വൈകുന്നേരങ്ങളിലും പരിപാടികൾക്കും മറ്റുമായി നഗരത്തിലുണ്ടെങ്കിൽ നിസ്ക്കരിക്കുവാൻ എത്താറുണ്ടായിരുന്നത് പട്ടാളപള്ളിയിൽ തന്നെയായിരുന്നു. പ്രത്യേകിച്ച് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്ക്കാരത്തിനാണ് സ്ഥിരമായി പട്ടാളപള്ളിയിൽ എത്തിയിരുന്നത്. ഉച്ചക്ക് പന്ത്രണ്ടുമണിയോടുകൂടി ഇവിടെ എത്തുന്ന ഇദ്ദേഹം പള്ളിയുടെ ഏറ്റവും അവസാനത്തിൽ കസേരയിലിരുന്നായിരുന്നു പ്രാർഥന നിർവഹിച്ചിരുന്നത്.
ആദ്യം ഒറ്റക്ക് വന്നിരുന്നെങ്കിൽ പിന്നീട് നടക്കുവാൻ ബുദ്ധിമുട്ടായതോടെ മകന്റെ ഒപ്പമാണ് എത്തിയിരുന്നത്. ജുമുഅ നമസ്ക്കാരം കഴിഞ്ഞും അല്പ സമയം ഖത്വീബ് അടക്കമുള്ള എല്ലാവരോടും കുശലാന്വേഷണമൊക്കെ നടത്തിയായിരുന്നു പിരിഞ്ഞുപോകാറുണ്ടായിരുന്നതെന്നും എല്ലാവരോടും വലുപ്പചെറുപ്പമില്ലാതെ പെരുമാറുന്ന വ്യക്തിയായിരുന്നുവെന്നും പട്ടാളപള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി അബ്ദുൽ കരീം മലയാളം ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയും ജുമുആ നമസ്ക്കാരത്തിന് ശേഷവും അസുഖബാധിതനായ യു എ ഖാദറിനുവേണ്ടി ഖത്വീബ് പ്രത്യേകപാർഥന നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ജുമുആ നിസ്ക്കാരത്തിന് കൂടാതെ രണ്ടു പെരുന്നാൾ നിസ്ക്കാരങ്ങൾക്കും ഇവിടെ തന്നെയായിരുന്നു സ്ഥിരമായി എത്തിയിരുന്നത്. അതുപോലെ റമദാൻ മാസത്തിലും എല്ലാദിവസത്തിലും ഉച്ചക്കുള്ള നിസ്ക്കാരം, അതിനുശേഷമുള്ള ഖുർ ആൻ ക്ലാസ് എന്നിവയിലൊക്കെ പങ്കെടുത്തശേഷമായിരുന്നു അദ്ദേഹം മടങ്ങിയിരുന്നത്. കൊറോണ ഭീതി കാരണം കഴിഞ്ഞ മാർച്ചിൽ പട്ടാളപള്ളി തല്ക്കാലത്തേക്ക് അടച്ചുപൂട്ടുന്നതുവരെ അദ്ദേഹം ഇവിടെ എത്തിയിരുന്നുവെന്നാണ് ഇവിടെ സ്ഥിരമായി വെള്ളിയാഴ്ചകളിലും മറ്റും ഉണ്ടാകുന്നവർ പറയുന്നത്.