Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉത്സവഛായയിൽ പതാകദിനം ആഘോഷിച്ച് യു.എ.ഇ

ദുബായ്- ഭരണാധികാരികളും പൗരന്മാരും വിദേശികളും ഒന്നിച്ചണി ചേർന്ന് യു.എ.ഇ പതാകദിനം ഗംഭീരമായി ആഘോഷിച്ചു. ഉത്സവാന്തരീക്ഷത്തിൽ രാജ്യത്തെ മുഴുവൻ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലും പതാക ഉയർത്തി ജനം ആദരവും ആഹ്ലാദവും പ്രകടിപ്പിച്ചു. 
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം മകൾ ശൈഖാ അൽ ജലീലയുമൊന്നിച്ച് ഹിസ്റ്റോറിക് യൂണിയൻ ഹൗസിൽ എത്തി നൂറ് കണക്കിന് വിദ്യാർഥികളുടെ കൂടെയാണ് പതാകദിനം ആഘോഷിച്ചത്. 2004ൽ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ യു.എ.ഇയുടെ പ്രസിഡന്റായി ചുമതലയേറ്റതിനെ അനുസ്മരിച്ചാണ് എല്ലാ വർഷവും നവംബർ മൂന്ന് യു.എ.ഇ പതാക ദിനമായി ആചരിച്ചു വരുന്നത്. 2013ൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ആണ് ഈ ദിവസം പതാകദിനം ആചരിക്കുന്നതിന് ഉത്തരവിറക്കിയത്. രാജ്യത്തിന്റെ അഖണ്ഡതയുടെ അടയാളവും യു.എ.ഇ ജനതയുടെ അഭിമാനത്തിന്റെ സ്രോതസ്സുമാണ് ദേശീയ പതാകയെന്ന് യു.എ.ഇ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

 

പുരോഗതിയിലേക്കും വികസനത്തിലേക്കും കുതിക്കുന്നതിന് യു.എ.ഇ ജനതക്ക് എന്നും പ്രചോദനമാണ് രാജ്യത്തിന്റെ പതാകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിലമതിക്കാൻ സാധിക്കാത്ത ആസ്തിയാണ് ദേശീയ പതാകയെന്നും കഠിനാധ്വാനത്തിലൂടെയും ജാഗ്രതാ പൂർണമായ പരിശ്രമത്തിലൂടെയും പതാകയെ കാത്തു സൂക്ഷിക്കാൻ ഓരോരുത്തരും തയാറാവണമെന്നും ദുബായ് ഭരണാധികാരി വിദ്യാർഥികളോട് ആവശ്യപ്പെട്ടു. ആഗോള തലത്തിലുള്ള മത്സരങ്ങളിൽ വിജയിക്കുന്നതിന് രാജ്യത്തിന്റെ പ്രധാന കൈമുതലാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം പ്രസ്താവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്‌കൂൾ വിദ്യാർഥികളും ക്ഷണിക്കപ്പെട്ട അതിഥികളും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം യൂണിയൻ ഹൗസിൽ പതാക ഉയർത്തുന്നതിന് ദൃക്‌സാക്ഷികളാൻ എത്തിയിരുന്നു. മന്ത്രാലയങ്ങളും വിവിധ സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും ഈ ദിവസത്തിൽ ദേശീയ പതാകയോടുള്ള കൂറ് പ്രകടിപ്പിച്ച് ഓഫീസുകളിൽ പതാക ഉയർത്തി സന്തോഷം പ്രകടപ്പിച്ചു.

Latest News