റിയാദ് - ഇസ്രായിലുമായി ബന്ധം സ്ഥാപിക്കാന്‍ അറബ് രാജ്യങ്ങള്‍ക്ക് പ്രേരകം ഇറാനുമായുള്ള സംഘര്‍ഷമാണെന്ന് പ്രമുഖ എഴുത്തുകാരന് അബ്ദുറഹ്മാന് അല്‍റാശിദ് അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ അറബ്-ഇസ്രായില്‍ സംഘര്‍ഷത്തിന് അന്ത്യമാകും. ഫലസ്തീന് രാഷ്ട്രം സ്ഥാപിതമായോ അല്ലാതെയോ അറബ്-ഇസ്രായില്‍ സംഘര്‍ഷം പഴങ്കഥയായി മാറും. ഇസ്രായിലുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തിലുള്ള കുതിപ്പ് അറബ്, ഇസ്രായില്‍ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുമെന്നും അബ്ദുറഹ്മാന് അല്‍റാശിദ് പറഞ്ഞു.
ഇസ്രായിലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള മൊറൊക്കൊയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് അറബ്, ഇസ്രായില്‍ ബന്ധത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാനിടയുള്ള വലിയ മാറ്റത്തെ കുറിച്ച് അബ്ദുറഹ്മാന് അല്‍റാശിദ് സൂചിപ്പിച്ചത്.
യു.എ.ഇയും ബഹ്റൈനും സുഡാനും ഇസ്രായിലുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് ഇസ്രായിലുമായുള്ള നയതന്ത്രബന്ധം മൊറോക്കൊ പുനഃസ്ഥാപിച്ചത്.
നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമൊഴിയുന്നതിനു മുമ്പായി കൂടുതല്‍ അറബ്, ഇസ്ലാമിക് രാജ്യങ്ങള്‍ ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.






