ഇസ്ലാമാബാദ്- പാക്കിസ്ഥാനെ ദുര്‍ബലമാക്കുന്നതിനും ഇന്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുംവേണ്ടി 15 വര്‍ഷമായി ആഗോളതലത്തില്‍ നടന്ന തെറ്റായ വിവര പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു.
മനുഷ്യാവകാശ സമിതി പോലുള്ള അഭിമാനകരമായ വേദി ദുരുപയോഗം ചെയ്യപ്പെട്ടത് ഗൗരവമായി കാണണമെന്ന് യു.എന്‍ മനുഷ്യാവകാശ സംവിധാനങ്ങളോടും യുഎന്‍ മനുഷ്യാവകാശ കമ്മീഷണറോടും മനുഷ്യാവകാശ വിദഗ്ധരോടും ആവശ്യപ്പെടുകയാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേശി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയ്ക്കു വേണ്ടി 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വന്‍ വ്യാജവാര്‍ത്താ പ്രചരണ ശൃംഖല വെളിച്ചത്തായി
യൂറോപ്യന്‍ യൂണിയനും അംഗരാജ്യങ്ങള്‍ക്കുമെതിരായ തെറ്റായ പ്രചാരണ പരിപാടികള്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സ്വതന്ത്ര സ്ഥാപനമായ ഇ.യു ഡിസിന്‍ഫോ ലാബാണ് വിവാദ കാമ്പയിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലും (യുഎന്‍എച്ച്ആര്‍സി) യൂറോപ്യന്‍ പാര്‍ലമെന്റിലുമുള്ള തീരുമാനങ്ങളെ സ്വാധീനിക്കുന്നതിനും തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചുവെന്നാണ് ആരോപണം.
65 രാജ്യങ്ങളിലെ 265 വ്യാജ മാധ്യമങ്ങളുടെ ശൃംഖല ഓണ്‍ലൈനില്‍ പാക്കിസ്ഥാനെതിരായ ഉള്ളടക്കം നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ഇ,യു ഡിസിന്‍ഫോ ലാബ് വ്യക്തമാക്കി. 2006 മുതല്‍ ബ്രസ്സല്‍സില്‍ സജീവമായ വ്യാജ യൂറോപ്യന്‍ പാര്‍ലമെന്റ് മാസികയായ 'ഇപി ടുഡേ' യുടെ പിന്നിലുള്ളവരാണ് വിവാദ നെറ്റ്‌വര്‍ക്ക് സൃഷ്ടിച്ചത്.
കുറഞ്ഞത് 116 രാജ്യങ്ങളില്‍ ഈ നെറ്റ് വര്‍ക്ക് വ്യാപിച്ചതായും യൂറോപ്യന്‍ പാര്‍ലമെന്റിലെയും ഐക്യരാഷ്ട്രസഭയിലെയും അംഗങ്ങളെ ലക്ഷ്യം വെച്ചതായും ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്ന് പേരില്‍ ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.






