Sorry, you need to enable JavaScript to visit this website.

വീഡിയോ ഗെയിം തര്‍ക്കത്തില്‍ സഹോദരന്മാര്‍ ആക്രമിച്ചു; വിദ്യാര്‍ഥിയുടെ ഒരു കണ്ണ് പോയി

ദുബായ്- സഹോദരനെതിരെ വീഡിയോ ഗെയിം ജയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ കേസില്‍ രണ്ട് അറബ് യുവാക്കള്‍ക്കെതിരെ  ദുബായ് കോടതിയില്‍ വിചാരണ ആരംഭിച്ചു. രണ്ട് സഹോദരന്മാര്‍ കത്തികൊണ്ട് ആക്രമിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വലത് കണ്ണ് നഷ്ടപ്പെട്ടതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഇളയ സഹോദരനെതിരെയാണ് വിദ്യാര്‍ഥി ഓണ്‍ലൈന്‍ വീഡിയോ ഗെയിം ജയിച്ചത്.  തുടര്‍ന്ന് ഓണ്‍ലൈനില്‍ പരസ്പരം വഴക്ക് തുടങ്ങി. സഹോദരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് മറ്റു രണ്ട് സഹോദരന്മാര്‍ തര്‍ക്കത്തില്‍ ഇടപെട്ടു.

കളി ജയിച്ചതിന്റെ പിറ്റേ ദിവസം പ്രതികള്‍ തന്നെ ബന്ധപ്പെട്ടുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണത്തിനിടെ വിദ്യാര്‍ഥി പറഞ്ഞു. സഹോദരനുമായുള്ള വഴക്കിനെക്കുറിച്ച് അവര്‍ ചോദിച്ചുവെന്നും തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെന്നും വിദ്യാര്‍ഥി പറഞ്ഞു. തുടര്‍ന്ന്  അല്‍ മിഷാര്‍ പ്രദേശത്തെ സ്‌കൂളിന് സമീപം അവരെ കാണാമെന്ന് സമ്മതിച്ചു.  
സഹോദരന്മാരെ കാണാന്‍ പോയെങ്കിലും അവരുടെ ഫോണ്‍ കോളുകളില്‍ സംശയം തോന്നി വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.  വാഹനത്തില്‍ കയറുന്നതിനു മുമ്പ് നിരവധി വാഹനങ്ങളിലെത്തിയ 20 ലേറെ പേര്‍ തഞ്ഞു.
രണ്ട് സഹോദരന്മാരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഒരാളുടെ കൈയില്‍ ഉണ്ടായിരുന്ന കത്തി കൊണ്ട്  വലതുകണ്ണില്‍ കുത്തി. നിലത്തു വീഴുന്നതിനുമുമ്പ്, ചിലര്‍ ഇടപെട്ട് അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം കാറില്‍ കയറ്റി. കാറില്‍ കാത്തിരുന്ന സുഹൃത്താണ് ആശുപത്രിയിലെത്തിച്ചത്.
പരിക്ക് വലതു കണ്ണിന് 35 ശതമാനം സ്ഥിരമായ വൈകല്യമുണ്ടാക്കിയെന്ന്
പബ്ലിക് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

 

Latest News