Sorry, you need to enable JavaScript to visit this website.

ആദ്യ തൊപ്പിയിൽ പേര് തെറ്റി

ചോ: വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ - രണ്ടു വർഷം നേരത്തെയാണോ രണ്ടു വർഷം വൈകിയോ?
ഉ: ശരിയായ സമയമാണ് ഇത്. ഒരു വർഷമായി വിരമിക്കാൻ ആലോചിക്കുന്നു. 18 വർഷം ഇന്ത്യക്കു വേണ്ടിയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കളിച്ച ശേഷം സംതൃപ്തനാണ്. ഒരു കളിക്കാരനെന്ന നിലയിലോ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിലോ പ്രത്യേകിച്ചൊന്നും നേടാൻ ബാക്കിയില്ല. മൂന്ന് ഐ.പി.എൽ കിരീടം നേടിയ ടീമിന്റെ ഭാഗമായി. ഗുജറാത്ത് ക്രിക്കറ്റ് ഇപ്പോൾ ഏറെ മെച്ചപ്പെട്ടു.

ചോ: ഇന്ത്യക്കു കളിച്ചതിൽ ഏറ്റവും ഓർമിക്കുന്ന നിമിഷം?
ഉ: 2002 ൽ ഹെഡിംഗ്‌ലിയും 2003 ൽ അഡ്‌ലയ്ഡിലും നേടിയ ടെസ്റ്റ് വിജയങ്ങൾ മറക്കാനാവില്ല. 2004 ൽ പാക്കിസ്ഥാനിലെ ടെസ്റ്റ് പരമ്പര വിജയത്തിൽ നൽകിയ സംഭാവനയും അവിസ്മരണീയമാണ്. റാവൽപിണ്ടി ടെസ്റ്റിൽ ഓപണറായി ഇറങ്ങി. സൗരവ് ഗാംഗുലിയിൽ നിന്ന് നോട്ടിംഗ്ഹാമിൽ ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങിയതും മറക്കാനാവില്ല. ആ തൊപ്പി ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അതിൽ സ്‌പെല്ലിംഗ് തെറ്റിച്ചാണ് എന്റെ പേരെഴുതിയിരുന്നത്.

ചോ: പതിനേഴാം വയസ്സിൽ ടെസ്റ്റിൽ അരങ്ങേറുമ്പോൾ എന്തായിരുന്നു മനസ്സിൽ?
ഉ: ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അതിനാൽ പിരിമുറുക്കവുമില്ല. എങ്കിലും ടെസ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ റെഡിയായിരുന്നു. ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും നടത്തിയ പര്യടനങ്ങളിൽ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. ബോർഡർ-ഗവാസ്‌കർ സ്‌കോളർഷിപ്പിൽ ഓസ്‌ട്രേലിയയിൽ പരിശീലനം നടത്തിയിരുന്നു. 

ചോ: എം.എസ് ധോണിയുടെ കാലത്ത് കളിക്കേണ്ടി വന്നതിന്റെ സങ്കടം എങ്ങനെയാണ് തീർത്തത്?
ഉ: കളിക്കാരനെന്ന നിലയിൽ ചില കാര്യങ്ങൾ അംഗീകരിച്ചേ പറ്റൂ. ധോണി ക്യാപ്റ്റനായ കാലത്ത് ഞാൻ കളിച്ചത് കളിയോടുള്ള ഇഷ്ടം ഒന്നു കൊണ്ടു മാത്രമാണ്.
 ഏത് കളിയാണെന്നത് പ്രശ്‌നമായിരുന്നില്ല. ജില്ലാ ലീഗായാലും സംസ്ഥാന ടീമായാലും ഐ.പി.എല്ലായാലും ഇന്ത്യയായാലും. ചില മാനദണ്ഡങ്ങൾ ഞാൻ സ്വയം നിശ്ചയിച്ചു. ഗുജറാത്തിന് ഒരു ടീമിനെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിലായി ശ്രദ്ധ. വ്യക്തി വിജയത്തെക്കാൾ ടീമിലേക്ക് ശ്രദ്ധ തിരിച്ചതോടെ മറ്റൊന്നും പ്രശ്‌നമായില്ല. 

ചോ: മതി എന്നു തോന്നിയ നിമിഷങ്ങളുണ്ടായോ?
ഉ:  ഇന്ത്യൻ ടീമിന്റെ 2008-09 ലെ ന്യൂസിലാന്റ് പര്യടനത്തിന് മുമ്പ് നല്ല ഫോമിലായിരുന്നു ഞാൻ. ഏഴ് രഞ്ജി മത്സരങ്ങളിൽ എണ്ണായിരത്തോളം റൺസടിച്ചു. ദുലീപ് ട്രോഫി ഫൈനലിൽ സെഞ്ചുറി നേടി. നന്നായി കീപ്പ് ചെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും ഇന്ത്യൻ ടീമിൽ സ്ഥാനം നേടാനായില്ല. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് സാധ്യമല്ലെന്ന് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. മറ്റെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാൻ നിർബന്ധിതനായി. ആ സമയത്ത് കുടുംബവും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനും കൂടെ നിന്നു. ഗുജറാത്തിന് മികച്ച ടീമിനെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മനസ്സിൽ വന്നത് അങ്ങനെയാണ്.
 

Latest News