ഓരോ ലോകകപ്പിലും പൊട്ടിമുളക്കുന്ന ചില കളിക്കാരുണ്ട്. ശരിയായ സമയത്ത് ഫോമിന്റെ പാരമ്യത്തിലെത്തുന്നവർ. റോസി ഒരു ലോകകപ്പിലെ വിസ്മയമായിരുന്നില്ല. മൂന്ന് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. പക്ഷെ 1982 ലെ ലോകകപ്പ് റോസിയുടേതു മാത്രമാണ്. അറുപത്തിനാലാം വയസ്സിൽ അന്തരിച്ച പൗളൊ റോസിയെക്കുറിച്ച്...
1982 ലെ ലോകകപ്പിൽ പൗളോ റോസിയെന്ന കളിക്കാരൻ ഉണ്ടാവേണ്ടതല്ല. ഇറ്റാലിയൻ ലീഗിലെ പന്തയവിവാദത്തിൽ പെട്ട് 1980 മുതൽ മൂന്നു വർഷത്തെ വിലക്കനുഭവിക്കുകയായിരുന്നു റോസി. താൻ നിരപരാധിയാണെന്ന് നിരന്തരമായി വാദിച്ചതോടെ രണ്ടു വർഷമായി വിലക്ക് കുറച്ചതിനാൽ റോസി ഇറ്റലിയുടെ ടീമിലെത്തി. അത് ആ ലോകകപ്പിന്റെ ജാതകം തിരുത്തിക്കുറിച്ചു. എക്കാലത്തെയും മികച്ച ടീമുകളിലൊന്നുമായി വന്ന ബ്രസീലിനെയും കരുത്തരായ ജർമനിയെയും ഇറ്റലി മുട്ടുകുത്തിച്ചത് റോസിയുടെ ഗോൾ മികവിലായിരുന്നു.
1978 ലെ ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയ ഇറ്റാലിയൻ ടീമിലെ മിന്നുന്ന പ്രകടനമാണ് റോസിയെ ലോക ശ്രദ്ധയിലേക്കു കൊണ്ടുവന്നത്. ഒത്തുകളിയുടെ പേരിലെ രണ്ടു വർഷത്തെ വിലക്കു കാരണം 1982 ൽ റോസിക്ക് കരുത്തു കാട്ടാനാവുമോയെന്ന് സംശയമായിരുന്നു. പക്ഷെ വിട്ടുനിൽക്കേണ്ടിവന്നതിന്റെ യാതൊരു മുരടിപ്പും കാണിക്കാതെ 1982 ലെ ലോകകപ്പിനെ റോസി പിടിച്ചുകുലുക്കി. ആദ്യ റൗണ്ടുകളിൽ റോസി മങ്ങിയപ്പോൾ ഇറ്റാലിയൻ മാധ്യമങ്ങളിൽ കൊലവിളി മുഴങ്ങി. എന്തുകൊണ്ടോ കോച്ച് എൻസൊ ബെയർസോട്ടിന് റോസിയിൽ വിശ്വാസമുണ്ടായിരുന്നു.
ബ്രസീലിനെതിരായ 3-2 വിജയത്തിലാണ് റോസി ഉണർന്നത്. മൂന്നു ഗോളും റോസിയുടെ ബൂട്ടിൽ നിന്നായി. സെമിയിൽ പോളണ്ടിനെതിരായ 2-0 വിജയത്തിൽ രണ്ടു ഗോളും നേടി. ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ നിർണായകമായ ആദ്യ ഗോളടിച്ച് ടോപ്‌സ്‌കോറർക്കുള്ള സുവർണ പാദുകവും മികച്ച കളിക്കാരനുള്ള സുവർണ പന്തും കരസ്ഥമാക്കി. 1982 ൽ യൂറോപ്യൻ പ്ലയർ ഓഫ് ദ ഇയറായ റോസി 1985 ൽ യുവന്റസുമൊത്ത് യൂറോപ്യൻ കപ്പ് നേടി.
1978 ൽ റോസിയും റോബർട്ടൊ ബെറ്റേഗയുമായിരുന്നു ഇറ്റലിയുടെ ആക്രമണം നയിച്ചത്.
ഒരുപാട് കാലം ഇറ്റലിയുടെ മുൻനിര ഇവരുടെ കാലിൽ സുരക്ഷിതമാണെന്നു തോന്നി. എന്നാൽ 1980 ൽ ഇറ്റാലിയൻ ലീഗിൽ പെറൂജിയക്കു കളിക്കവെ അവലേനിക്കെതിരായ കളി റോസിയുടെ കരിയറിന്റെ അന്ത്യം കുറിക്കേണ്ടതായിരുന്നു. 2-2 ന് അവസാനിച്ച ആ മത്സരം ഒത്തുകളിയാണെന്ന് തെളിഞ്ഞു. പെറൂജിയയുടെ രണ്ടു ഗോളുമടിച്ച റോസിയെ മൂന്നു വർഷത്തേക്ക് വിലക്കി. പിന്നീടത് രണ്ടു വർഷമായി കുറച്ചു. പുറത്തായിട്ടും അമ്പരപ്പിക്കുന്ന കരാറിന് റോസിയെ യുവന്റസ് ടീമിലെടുത്തു. ലോകകപ്പ് തുടങ്ങുന്നതിന് അഞ്ചാഴ്ച മുമ്പാണ് റോസിയുടെ വിലക്കവസാനിച്ചത്. എന്നിട്ടും റോസി ടീമിലെത്തി.
കോച്ചിന്റെ ചൂതാട്ടം തെറ്റിപ്പോയെന്നാണ് ആദ്യ റൗണ്ടുകൾ നൽകിയ സൂചന. പോളണ്ടിനെതിരായ ഗോൾരഹിത സമനിലയിൽ റോസി ചിത്രത്തിലേയുണ്ടായിരുന്നില്ല. പെറുവിനെതിരായ 1-1 സമനിലയിൽ ഇടവേളയിൽ റോസിയെ പിൻവലിച്ചു. കാമറൂണിനെതിരായ 1-1 സമനിലയിലും ചിത്രം വ്യത്യസ്തമായിരുന്നില്ല. തപ്പിത്തടഞ്ഞ ഇറ്റലി രണ്ടാം റൗണ്ടിൽ ഡിയേഗൊ മറഡോണയുൾപ്പെട്ട അർജന്റീനയുടെയും സീക്കോയും സോക്രട്ടീസും ഫാൽക്കാവോയുമുൾപ്പെട്ട ബ്രസീലിന്റെയും ഗ്രൂപ്പിലാണ് ചെന്നുപെട്ടത്. അർജന്റീനക്കെതിരായ 2-1 വിജയത്തിൽ ഇറ്റലിയുടെ ആദ്യ ഗോളിന് വഴിതുറന്നാണ് റോസി കൊടുങ്കാറ്റിന് തുടക്കമിട്ടത്. കപ്പിലേ ആ കുതിപ്പ് നിന്നുള്ളൂ. ബ്രസീലിന് സമനില മതിയായിരുന്നു. പക്ഷെ റോസിയുടെ ഹാട്രിക്കിൽ 3-2 ന് ഇറ്റലി ജയിച്ചു. ബ്രസീലിനെതിരായ ആദ്യ ഗോൾ ജീവിതത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് റോസി പിന്നീട് പറഞ്ഞു. എക്കാലത്തെയും മികച്ച രണ്ടാമത്തെ ബ്രസീൽ ടീമിനെയാണ് അവർ ടൂർണമെന്റിൽനിന്ന് പറഞ്ഞുവിട്ടത്.
യുവന്റസിലെയും എ.സി മിലാനിലെയും മികച്ച പ്രകടനത്തിന്റെ കരുത്തോടെ 1986 ലെ ലോകകപ്പിനും റോസി വന്നെങ്കിലും പരിക്കുകൾ സ്‌ട്രൈക്കറെ തളച്ചിരുന്നു. ഒരു കളിയിലും ഇറങ്ങിയില്ല. 1987 ൽ വിരമിച്ചു. ലോകകപ്പിൽ ഒരേസമയം ചാമ്പ്യനും ടോപ്‌സ്‌കോററും മികച്ച താരവുമായ രണ്ടു പേരേയുള്ളൂ, പൗളോ റോസിയും മാരിയൊ കെംപസും (അർജന്റീന, 1978).