കൊച്ചി - സങ്കര ചികിത്സാ പദ്ധതിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആഹ്വാനം ചെയ്ത പണിമുടക്ക് എറണാകുളം ജില്ലയിൽ പൂർണം. ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഡോക്ടർമാർ പണിമുടക്കിയത്.
കോവിഡ് ചികിത്സയെയും അത്യാഹിത വിഭാഗങ്ങളെയും ഒഴിവാക്കിയാണ് പണിമുടക്ക് സംഘടിപ്പിച്ചത്. കൊച്ചി ഐ.എം.എയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം പ്രസിഡന്റ് ഡോ. ടി.വി.രവി ഉദ്ഘാടനം ചെയ്തു.
മോഡേൺ മെഡിസിനിലെ ബിരുദാനന്തര ബിരുദധാരികൾ ചെയ്യുന്ന 58 തരം ശസ്ത്രക്രിയകൾ ആയുർവേദ വിദഗ്ധരെക്കൊണ്ട് കൂടി നടത്തിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് മോഡേൺ മെഡിസിൻ വിഭാഗം ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കി പ്രതിഷേധിച്ചത്.
ആരോഗ്യരംഗത്ത് ഇതുവരെ രാജ്യം കൈവരിച്ച മുഴുവൻ നേട്ടങ്ങളും ഇല്ലായ്മചെയ്യപ്പെടുമെന്നും ഇത് രാജ്യത്തെ സുശ്രുതാചാര്യന്റെ കാലത്തിലേയ്ക്ക് മടക്കിക്കൊണ്ടുപോകുമെന്നും ഡോ. ടി.വി.പറഞ്ഞു. ഭാരതത്തിന്റെ പരമ്പരാഗത ചികിത്സാ രീതിയായ ആയുർവേദത്തെ അതിന്റെ തനിമ നഷ്ടപ്പെടാതെ സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെ.പി.എച്ച്.എ), കാത്തലിക്ക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (സി.എച്ച്.എ.ഐ), കേരള ഗവമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ), ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി. എ) എന്നീ സംഘടനകളും പണിമുടക്കിൽ പങ്കെടുത്തു. ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. ജുനൈദ് റഹ്മാൻ, ഡോ. എൻ.എസ്.ഡി രാജു, ഡോ. എം.എം. ഹനീഷ് , ഡോ.വി.പി.കുര്യെയ്പ്പ്, ഡോ.ജോർജ് തുകലൻ തുടങ്ങിയവരും പ്രസംഗിച്ചു.