കൽപറ്റ-കരിങ്കൽ ഖനനത്തിനായി സ്ഥലം തെളിക്കുന്നതിനിടെ ഉണ്ടായ മണ്ണിടിച്ചിലിൽ കൂറ്റൻപാറ ടിപ്പറിനു മുകളിൽ വീണു ഡ്രൈവർ മരിച്ചു.മേപ്പാടി കടച്ചിക്കുന്നതിനു സമീപം സ്വകാര്യ ഭൂമിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഡ്രൈവർ മാനന്തവാടി പിലാക്കാവ് തൈത്തറ സിൽവസ്റ്ററാണ്(57)മരിച്ചത്.അഗ്നി-രക്ഷാസേനാംഗങ്ങളടക്കം രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ യന്ത്രസഹായത്തോടെ മണിക്കൂറുകൾ പണിപ്പെട്ടു ടിപ്പറിനു മുകളിൽനിന്നു പാറയും മണ്ണും നീക്കി പുറത്തെടുത്തപ്പോഴേക്കും സിൽവസ്റ്ററിന്റെ മരണം സംഭവിച്ചിരുന്നു.ഭാര്യ:ജോളി.മക്കൾ:രചന,റെൽജിൻ.
പഞ്ചായത്ത് ക്വാറി ലൈസൻസ് നിഷേധിച്ചപ്പോൾ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചു അനുകൂല ഉത്തരവ് സമ്പാദിച്ചാണ് ക്വാറിയുടെ പ്രവര്ത്തനം തുടങ്ങിയത്.
കടച്ചിക്കുന്നിൽ ക്വാറി പ്രവർത്തിപ്പിക്കാൻ 2014 മുതൽ നടന്നുവരുന്നതാണ് നീക്കം. ഭൂമി പാട്ടത്തിനെടുത്തയാൾ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ജിയോളജി വകുപ്പിന്റെയും സമ്മതപത്രവും സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതിയുടെ അനുമതിയും സഹിതം ക്വാറി ലൈസൻസിനു നൽകിയ അപേക്ഷചയാണ് പഞ്ചായത്തിനു നൽകിയത്. സമയബന്ധിതമായി തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അപേക്ഷകൻ ഹൈക്കോടതിയെ സമീപിച്ച് കഴിഞ്ഞ ഫെബ്രുവരി നാലിനു അനുകൂല വിധി സമ്പാദിച്ചത്. കോടതി ഉത്തരവിന്റെ പകർപ്പ് ഫെബ്രുവരി 10നു പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കി. ഇതേത്തുടർന്നു കോടതി അലക്ഷ്യം ഒഴിവാക്കുന്നതിനു അപേക്ഷകനിൽനിന്നു പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് ഫീസ് സ്വീകരിക്കുകയായിരുന്നു.
ഉരുൾപൊട്ടൽ സാധ്യതയുള്ളതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച വില്ലേജാണ് മൂപ്പൈനാട്. ഇത്തരം വില്ലേജുകളിൽ പരിസ്ഥിതി വിരുദ്ധ പ്രവർത്തങ്ങൾ തടഞ്ഞും അതോറിറ്റി ഉത്തരവായിട്ടുണ്ട്. 17 പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായ പച്ചക്കാടും 2009ൽ പ്രകൃതിദുരന്തം ഉണ്ടായ നീലിമലയും കാന്തൻപാറയും കടച്ചിക്കുന്നിനു ഏറെ അകലെയല്ല.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിനെയും നിയമങ്ങളെയും കാറ്റിൽപ്പറത്തിയും ഉദ്യോഗസ്ഥരിൽ ചിലരുടെ സഹായത്തോടെ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുമാണ് സ്വകാര്യവ്യക്തി കടച്ചിക്കുന്നിൽ ക്വാറി ലൈസൻസ് സമ്പാദിച്ചതെന്നാണ് പ്രദേശത്തെ പൊതുപ്രവർത്തകർ പറയുന്നത്. തോട്ടം ഭൂമിയിലാണ് സ്വകാര്യവ്യക്തി ക്വാറി ലൈസൻസ് സമ്പാദിച്ച സ്ഥലം. കടച്ചിക്കുന്നിൽ ഖനനം നടത്തുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം.ക്വാറി നടത്തിപ്പിനാവശ്യമായ സമ്മതപത്രങ്ങൾ സ്വകാര്യവ്യക്തി സമ്പാദിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവും അവർ ഉന്നയിച്ചിരുന്നു.