ബഹ്‌റൈനിൽ എല്ലാവർക്കും സൗജന്യ കോവിഡ് വാക്‌സിൻ 

മനാമ - രാജ്യത്ത് കഴിയുന്ന എല്ലാവരുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്ന നിലക്ക് മുഴുവൻ സ്വദേശികൾക്കും വിദേശികൾക്കും കൊറോണ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരൻ അറിയിച്ചു. വെർച്വൽ രീതിയിൽ ചേർന്ന ഏകോപന സമിതി യോഗത്തിൽ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു കിരീടാവകാശി. ഹമദ് ബിൻ ഈസ അൽഖലീഫ രാജാവിന്റെ നിർദേശാനുസരണം കൊറോണ വൈറസ് ചെറുക്കുന്നതിനുള്ള ശ്രമങ്ങൾ ബഹ്‌റൈൻ തുടരും. വാക്‌സിൻ ലഭ്യമാക്കാനുള്ള രാജാവിന്റെ നിർദേശം ആരോഗ്യ സുരക്ഷാ പദ്ധതികൾ മെച്ചപ്പെടുത്തും. 
എല്ലാ മുൻകരുതൽ, പ്രതിരോധ നടപടികളോടുമുള്ള പ്രതിബദ്ധതയിലൂടെ കൊറോണ വെല്ലുവിളി നേരിടുന്നതിൽ ജനങ്ങൾ അവബോധവും ഉത്തരവാദിത്വവും തെളിയിച്ചിട്ടുണ്ട്. വൈറസ് വ്യാപനം ചെറുക്കാൻ ആസൂത്രണം ചെയ്ത പദ്ധതികളുടെ വിജയത്തിന് ആരോഗ്യ മേഖലാ പ്രവർത്തകരും ബന്ധപ്പെട്ട വകുപ്പുകളും നൽകിയ സംഭാവനകളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നതായും സൽമാൻ ബിൻ ഹമദ് അൽഖലീഫ രാജകുമാരൻ പറഞ്ഞു. സുപ്രീം ഹെൽത്ത് കൗൺസിൽ ചെയർമാൻ ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽഖലീഫയുടെ അധ്യക്ഷതയിലുള്ള കൊറോണ ചെറുക്കുന്നതിനുള്ള ദേശീയ മെഡിക്കൽ ടീം കൊറോണ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയെ കുറിച്ച റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.
 

Latest News