വാക്‌സിനേഷനും ഗെയിലും വർഗീയതക്ക് ഉപയോഗിക്കുന്നു -തോമസ് ഐസക്

കൊച്ചി- വാക്‌സിനേഷനും ഗെയിൽ പദ്ധതിക്കുമെതിരെ നടക്കുന്നത്  വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണെന്ന് ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ തെറ്റായ പ്രചാരണമാണ് സംസ്ഥാനത്ത് അഴിച്ചുവിടുന്നത്. പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിച്ച തെക്കൻ മേഖലാ ജനജാഗ്രതാ യാത്രയുടെ സമാപന സമ്മേളനം വൈറ്റിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. 
വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ചിലർ സംഘടിതമായി പ്രവർത്തിക്കുകയാണ്. പദ്ധതി നാടിന്റെ വികസനത്തിന് അനിവാര്യമാണ്. ഗെയിൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇനി ചർച്ചയുണ്ടാവില്ല. 
പദ്ധതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം സംബന്ധിച്ച് മാത്രമായിരിക്കും ചർച്ച. മംഗലാപുരത്തുള്ള കുത്തക കമ്പനിക്ക് വേണ്ടിയാണ് ഗെയിൽ പദ്ധതിയെന്ന കുപ്രചാരണമാണ് നടക്കുന്നത്. സംസ്ഥാനത്തിന് വളരെ പ്രയോജനപ്രദമായ പദ്ധതിയാണിത്. സി.എൻ.ജി ഏറ്റവും സുരക്ഷിതമായ വാതകമാണ്. നിലവിലുള്ളതിന്റെ പകുതി വിലയ്ക്ക് പാചക വാതകം ലഭ്യമാക്കാനും ഫാക്ട് പോലുള്ള കമ്പനികളെ ലാഭത്തിലാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. 
 

Latest News