കൊച്ചി- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. തെക്കൻ ജില്ലകളിൽ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 72.67 ശതമാനം പോളിംഗിനെ മറികടന്ന് രണ്ടാംഘട്ടത്തിൽ പോളിംഗ് 76 ശതമാനത്തിനു മുകളിലെത്തി. വാട്ടർമാരുടെ ആവേശകരമായ പ്രതികരണം തങ്ങൾക്കനുകൂലമാണെന്ന് എല്ലാ മുന്നണികളും അവകാശപ്പെട്ടു. 350 ഗ്രാമപഞ്ചായത്തുകളിലേക്കും 58 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 5 ജില്ലാ പഞ്ചായത്തിലേക്കും രണ്ട് കോർപറേഷനുകളിലേക്കും ആണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. 451 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്ക് ജനങ്ങൾ ആവേശത്തോടെ വിധിയെഴുതി.
ആദ്യഘട്ട തെരഞ്ഞെടുപ്പിലേതിന് സമാനമായി രണ്ടാംഘട്ടത്തിലും അതിരാവിലെ മുതൽ വോട്ടർമാരുടെ നീണ്ട ക്യൂവാണ് ബൂത്തുകൾക്ക് മുന്നിൽ കാണാനായത്. എല്ലാ ജില്ലകളിലും സ്ഥിതി സമാനമായിരുന്നു. കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, പാലക്കാട് ജില്ലകളിലെ 99 ലക്ഷത്തോളം വോട്ടർമാരിൽ മുക്കാൽ പങ്കിലധികം പേർ പോളിംഗ് ബൂത്തിലെത്തി.
457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറു വരെ നടന്ന പോളിംഗിൽ ആദ്യാവസാനം ജനങ്ങളുടെ ആവേശം പ്രകടമായി. ബുധനാഴ്ച മൂന്ന് മണിക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചവർക്ക് പി.പി.ഇ കിറ്റണിഞ്ഞ് പോളിംഗിന്റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാൻ അവസരം ലഭിച്ചു.
കേരള കോൺഗ്രസ്-എം, ജോസഫ് വിഭാഗങ്ങളുടെ അഭിമാനപ്പോരാട്ടം നടക്കുന്ന കോട്ടയത്ത് 73.88 ശതമാനമാണ് പോളിംഗ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പു നടന്ന ജില്ലകളിൽ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് കോട്ടയത്താണ്. കോട്ടയത്ത് കേരള കോൺഗ്രസിലെ പിളർപ്പ് എങ്ങനെ പ്രതിഫലിക്കുമെന്ന് വ്യക്തമാകാൻ 14ന് വോട്ടെണ്ണൽ പൂർത്തിയാകുന്നതു വരെ കാത്തിരിക്കണം. കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശനം നേട്ടമാകുമെന്ന് കരുതുന്ന ഇടതു മുന്നണിയും, കേരള കോൺഗ്രസ്-എം പോയത് തങ്ങളെ ബാധിക്കില്ലെന്ന് അവകാശപ്പെടുന്ന യു.ഡി.എഫും പോളിംഗിലെ ട്രെൻഡ് തങ്ങൾക്കനുകൂലമാണെന്ന് വിലയിരുത്തി. എൽഡിഎഫിലെത്തിയ ജോസ് കെ.മാണിക്ക് ഏറെ നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.
കോട്ടയം ജില്ലയിൽ ശക്തി തെളിയിക്കാനായാൽ മുന്നണിയിൽ ജോസിന്റെ വിലപേശൽശേഷി കൂടും. മറിച്ചായാൽ സിപിഎം നിർദേശങ്ങൾക്കു വഴങ്ങേണ്ടി വരും. ജോസഫ് ഗ്രൂപ്പിന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും യു.ഡി.എഫിൽ അവർക്ക് ഭാവിയിൽ ലഭിക്കാൻ പോകുന്ന പരിഗണന.
എറണാകുളത്ത് മേൽക്കൈ നിലനിർത്താൻ യു.ഡി.എഫും മേധാവിത്തം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും നടത്തുന്ന ശക്തമായ പോരാട്ടത്തിന്റെ പ്രതിഫനം പോളിംഗിൽ പ്രകടമായി. 77.13 ശതമാനം പേർ വോട്ടു രേഖപ്പെടുത്തിയെന്നാണ് ഏറ്റവുമൊടുവിലത്തെ കണക്കുകൾ കാണിക്കുന്നത്. രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപറേഷൻ ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിർത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാൽ ജനപിന്തുണ തങ്ങൾക്കാണെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി. യുഡിഎഫിന് ഹാട്രിക് അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ശക്തമായ പ്രചാരണമാണ് എൽഡിഎഫ് കാഴ്ചവെച്ചത്. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന കിഴക്കമ്പലത്തും സമീപമുള്ള നാല് പഞ്ചായത്തുകളിലും ജനകീയ കൂട്ടായ്മയായ ട്വന്റി 20-യുടെ പ്രകടനമാണ് ഉറ്റുനോക്കപ്പെടുന്നത്. കിഴക്കമ്പലത്ത് ഭരണം നിലനിർത്താനും മറ്റു പഞ്ചായത്തുകളിൽ വിജയം ആവർത്തിക്കാനും സാധിച്ചാൽ എറണാകുളത്തിന്റെ രാഷ്ട്രീയഭൂപടം തന്നെ ഒരു പക്ഷേ ട്വന്റി 20 മാറ്റിയെഴുതിയേക്കും. കിഴക്കമ്പലത്താണ് ജില്ലയിൽ ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത് 87.89 ശതമാനം. തൊട്ടടുത്ത് ട്വന്റി 20 മത്സരിക്കുന്ന പഞ്ചായത്തുകളിലും 80 ശതാനത്തിന് മുകളിൽ പോളിംഗ് ഉണ്ട്.