ഇന്ത്യയ്ക്കു വേണ്ടി 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വന്‍ വ്യാജവാര്‍ത്താ പ്രചരണ ശൃംഖല വെളിച്ചത്തായി

ന്യുദല്‍ഹി- രാജ്യാന്തര സ്ഥാപനങ്ങളേയും വിദേശ സര്‍ക്കാരുകളേയും സ്വാധീക്കാനും അവര്‍ക്കിടിയില്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സ്ഥാപിക്കുന്നതിനുമായി 15 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ നിയന്ത്രിത ആഗോള വ്യാജ വാര്‍ത്താ പ്രചാരണ ഓപറേഷനെ യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധസംഘടനയായ ഡിസിന്‍ഫോലാബ് പുറത്തുകൊണ്ടു വന്നു. പ്രവര്‍ത്തനം നിലച്ച മാധ്യമങ്ങളേയും സന്നദ്ധ സംഘടനകളേയും തിങ്ക് ടാങ്കുകളേയും മരിച്ചവരെ പോലും പുനരുജ്ജീവിപ്പിച്ചാണ് ഈ സ്വാധീന ശൃംഖല ഉണ്ടാക്കിയെടുത്തിട്ടുള്ളതെന്നും ഇയു ഡിസിന്‍ഫോലാബ് ഇന്ത്യ ക്രോണിക്ക്ള്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപോർട്ടിൽ  പറയുന്നു. 2019ല്‍ ഇന്ത്യക്കാരുടെ നിയന്ത്രണത്തില്‍ 65ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 265 വ്യാജ വാര്‍ത്താ സൈറ്റുകളെ ഡിസിന്‍ഫോലാബ് പുറത്തു കൊണ്ടുവന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണങ്ങളിലെ കണ്ടെത്തലുകള്‍ ഇതിനെക്കാള്‍ വലിയ വ്യാജവാര്‍ത്താ നിര്‍മ്മാണ ശൃംഖലയിലേക്കാണ് എത്തിച്ചേര്‍ന്നത്. 

റഷ്യയുടെ വ്യാജവാര്‍ത്താ പ്രചരണം സംബന്ധിച്ചുള്ള പഠനത്തിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. റഷ്യ ടുഡെയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇപി ടുഡെ എന്ന സൈറ്റില്‍ പുനപ്രസിദ്ധീകരിച്ചതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ നിരവധി സൈറ്റുകളുടേയും എന്‍ജിഒകളും ഉള്‍പ്പെടുന്ന ഒരു ശൃംഖലയിലാണ് എത്തിച്ചേര്‍ന്നത്. ഇത് ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീവാസ്തവ ഗ്രൂപ്പുമായി ബന്ധപ്പെട്ടവയായിരുന്നു. ഇന്ത്യയിലെ മുന്‍നിര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ഇവര്‍ക്കൊപ്പം ഈ വ്യാജവാര്‍ത്താ പ്രചരണത്തില്‍ പങ്കാളികളാണെന്ന് ഇയു ഡിസിന്‍ഫോലാബ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം അവിടേക്ക് പുറത്തു നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയ വേളയില്‍ യുറോപ്യന്‍ പാര്‍ലമെന്റിലെ വലതു പക്ഷ അംഗങ്ങളെ സന്ദര്‍ശനത്തിന് കൊണ്ടു വരികയും അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച ഒരുക്കുകയും ചെയ്തതും ശ്രീവാസ്ത ഗ്രൂപ്പാണ്. 

ദല്‍ഹി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നോണ്‍ അലൈന്‍ഡ് സ്റ്റഡീസ് എന്ന തിങ്ക് ടാങ്കിനും പിന്നിലും ഇവരാണ്. ശ്രീവാസ്ത ഗ്രൂപ്പിനു കീഴില്‍ 15 വര്‍ഷമായി നടക്കുന്ന ആഗോള വ്യാപകമായ വ്യാജവാര്‍ത്താ പ്രചരണ സംവിധാനത്തിന്റെ തെളിവുകളാണ് അന്വേഷണത്തിലൂടെ പുറത്തു വന്നത്. ഇയു ഡിസിന്‍ഫോലാബ് പുറത്തിറക്കിയ അന്വേഷണ റിപോര്‍ട്ടില്‍ പൂര്‍ണ വിശദാംശങ്ങളുണ്ട്. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അക്രഡിറ്റ് ചെയ്ത 10 എന്‍ജിഒകള്‍ ശ്രീവാസ്ത ഗ്രൂപ്പ് നടത്തിവരുന്നു. ഇവയെല്ലാം യഥാര്‍ത്ഥ സന്നദ്ധ സംഘടനകളെ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും ഇന്ത്യാ അനൂകൂലവും പാക്കിസ്ഥാന്‍ വിരുദ്ധവുമായ പ്രചാരണങ്ങളാണ് ഇവരുടെ പ്രവര്‍ത്തന രീതി. 

ഇക്കൂട്ടത്തിലെ ഒരു എന്‍ജിഒയാണ് കമ്മീഷന്‍ റ്റു സ്റ്റഡി ദി ഓര്‍ഗനൈസേഷന്‍ ഓഫ് പീസ്. 1970കളില്‍ പ്രവര്‍ത്തനം നിലച്ച ഈ സംഘടന 2005ലാണ് പുനര്‍ജനിച്ചത്. പിന്നില്‍ ശ്രീവാസ്തവ ഗ്രൂപ്പാണ്. യൂറോപ്യന്‍ പാര്‍ലമെന്റിലും യുഎന്‍ ഓഫീസുകളിലും ചെറുപരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ് ഈ സംഘടനകളുടെ ജോലി. ന്യൂനപക്ഷ അവകാശങ്ങള്‍, സ്ത്രീകളുടെ അവകാശം തുടങ്ങി വിഷയങ്ങളുടെ മറവിലായിരുന്നു പരിപാടികള്‍.  ഇവരുടെ പരിപാടികളും ലേഖനങ്ങളും പ്രചരിപ്പിക്കുകയാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ചെയ്യുന്നത്. ഇവരുമായി ബന്ധമുള്ള 550 വെബ്‌സൈറ്റുകള്‍ തിരിച്ചറിഞ്ഞതായി ഡിസിന്‍ഫോലാബ് റിപോര്‍ട്ടില്‍ പറയുന്നു. എന്‍ജിഒകള്‍, തിങ്ക് ടാങ്കുകള്‍, മതപരവും ഇമാമുമാരുടേയും സംഘടനകള്‍, നിഗൂഢ പ്രസാധക കമ്പനികള്‍, എട്ടു പൊതു വ്യക്തിത്വങ്ങള്‍ എന്നിവരുടെ പേരുകളിലാണ് ഈ ഡൊമൈന്‍ നെയ്മുകള്‍ സൃഷ്ടിച്ചിട്ടുള്ളത്. 

ഇയു ക്രോണിക്ക്ള്‍ എന്ന പേരില്‍ പുതിയൊരു വ്യാജ വാര്‍ത്താ സൈറ്റും കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ഇന്ത്യാ അനുകൂല ലേഖനങ്ങളാണ് പ്രധാനമായും ഇതില്‍ പ്രസിദ്ധീകരിക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ 11 യൂറോപ്യന്‍ എംപിമാര്‍ ഇതില്‍ ലേഖനമെഴുതുകയോ ലേഖനങ്ങളെ പിന്താങ്ങുകയോ ചെയ്തിട്ടുണ്ട്. ഇവരില്‍ ഏറെ പേരും ഇയു ടുഡെയുമായും ബന്ധപ്പെട്ടവരാണ്. ഈ ലേഖനങ്ങല്‍ പിന്നീട് എന്‍എന്‍ഐ എടുത്തു റീപ്പാക്കേജ് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ഈ വ്യാജവാര്‍ത്താ ശൃംഖലെ തുറന്നു കാട്ടിയ കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ടിനെ തുടര്‍ന്ന് ചില വിദേശ ഏജന്‍സികള്‍ ഇതു ചെയ്യുന്നത് നിര്‍ത്തിയിട്ടുണ്ട്. എങ്കിലും എഎന്‍ഐ ഇപ്പോഴും തുടരുന്നതായും റിപോര്‍ട്ട് പറയുന്നു. ജനീവയില്‍ പ്രവര്‍ത്തിക്കുന്ന നിഗൂഢ എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍ എഎന്‍ഐ നന്നായി കവര്‍ ചെയ്യുന്നുണ്ട്. 

ഓണ്‍ലൈന്‍ സെര്‍ച് എന്‍ജിനുകളുടേയും അന്താരഷ്ട്ര സ്ഥാപനങ്ങളുടേയും പഴുതുകള്‍ ഉപയോഗിച്ചാണ് ഈ വ്യാജവാര്‍ത്തകളും സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ചതും പൊലിപ്പിച്ചതുമായി വിവരങ്ങളും ഇവര്‍ ഇതു വഴി ലോകരാജ്യങ്ങളിലാകെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Latest News