Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രി ധർമടത്ത് തങ്ങുന്നത് രവീന്ദ്രന്റെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോകാനെന്ന് കെ. സുരേന്ദ്രൻ

കണ്ണൂർ - സി.എം.രവീന്ദ്രന്റെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് ക്യാമ്പ് ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബിന്റെ 'തദ്ദേശ പോര് 2020' പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സി.എം.രവീന്ദ്രനുമായി ബന്ധപ്പെട്ട ബിനാമി ബിസിനസ് സംരംഭങ്ങളെല്ലാം കണ്ണൂർ, കോഴിക്കോട് ജില്ലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ധർമടത്ത് ക്യാമ്പ് ചെയ്ത് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കു സഹസ്ര കോടി കൊള്ള നടത്താനുള്ള ശ്രമം ചെയ്തതിനു പിന്നിൽ സി.എം.രവീന്ദ്രൻ മാത്രമാണെന്ന് ആരും ധരിക്കുന്നില്ല. ഇതിനു പിന്നിൽ മുഖ്യമന്ത്രിയാണ്. സ്വർണക്കടത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയും സഹ മന്ത്രിമാരും സ്പീക്കറും ഉൾപ്പെട്ട സംഘമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കുമെതിര ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിട്ടും ഇതിനു മറുപടി നൽകാൻ ഇതുവരെ മുഖ്യമന്ത്രി തയാറായിട്ടില്ല. കോവിഡിനെ ഭയന്നല്ല, ജനങ്ങളെ ഭയന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്. ധർമടത്തെ കോവിഡിനു എന്തെങ്കിലും പ്രത്യേകതയുണ്ടോ -സുരേന്ദ്രൻ ചോദിച്ചു. 


കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിപ്പിച്ച സി.എം.രവീന്ദ്രനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ ആരോഗ്യ മന്ത്രി ശൈലജയുടെ പങ്കുണ്ട്. ഇതിനു മന്ത്രി മറുപടി പറയണം. പറയത്തക്ക രോഗങ്ങളില്ലാത്ത വ്യക്തിയെ അന്വേഷണത്തിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമം നടത്തുന്നത് ശരിയാണോ എന്ന് ജനങ്ങൾ വിലയിരുത്തണം. ധാർമികതയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുള്ള മന്ത്രിക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്. വടകരയിലെ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നപ്പോൾ ഐ.സി.യുവലായിരുന്ന രവീന്ദ്രൻ ചാടി എത്തിയല്ലോ. ഇതിൽ നിന്നും അദ്ദേഹത്തിനു രോഗമില്ലെന്ന് വ്യക്തമല്ലേ -സുരേന്ദ്രൻ ചോദിച്ചു. 


അട്ടക്കുളങ്ങര ജയിലിൽ സ്വപ്‌നയെ സന്ദർശിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി ജയിൽ സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. സ്വപ്‌നയുടെ മാത്രമല്ല, രവീന്ദ്രന്റെ ജീവനും അപകടത്തിലാണ് -സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടും. തിരുവനന്തപുരം കോർപറേഷൻ മൂന്നിൽ രണ്ട് സീറ്റുകളിൽ വിജയിക്കുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു. 
               
 

Latest News