കോഴിക്കോട് - മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരായാൽ പല ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എം. രവീന്ദ്രന് പോലും ഭീഷണിയുണ്ട്. ഇ.ഡിക്ക് മുന്നിൽ ഹാജരാവാൻ പറയുമ്പോൾ സ്ഥിരം അസുഖം വരുന്നത് അതുകൊണ്ടാണ്. രവീന്ദ്രന് സുരക്ഷ നൽകാനും എയിംസിലെ ഉന്നത മെഡിക്കൽ സംഘത്തെക്കൊണ്ട് അദ്ദേഹത്തെ പരിശോധിപ്പിക്കാനും സർക്കാർ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപായപ്പെടുത്താൻ ശ്രമമുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഉന്നതരുടെ പേര് വെളിപ്പെടുത്തിയാൽ കൊലപ്പെടുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണം. സി.എം. രവീന്ദ്രന്റെ അസുഖവും സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലും അതാണ് ചൂണ്ടിക്കാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു. റിവേഴ്‌സ് ഹവാല കേസിലെ ഉന്നതൻ ആരാണെന്ന് വെളിപ്പെടുത്താൻ താൻ വീണ്ടും ആവശ്യപ്പെടുകയാണ്. ഇത് ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ആർ.എസ്.എസിന്റെ സ്വരമാണ്. അവർ ആഗ്രഹിക്കുന്നത് കോൺഗ്രസിന്റെ തകർച്ചയാണ്. കേന്ദ്രത്തിലെ അധികാരം കേരളത്തിൽ വേരുറപ്പിക്കാമെന്ന വ്യാമോഹം ബി.ജെ.പിക്കു വേണ്ട. കേരള മണ്ണ് ബി.ജെ.പിയുടെ വർഗീയതക്കുള്ള മണ്ണ് അല്ല. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരു മുന്നേറ്റവും നടത്താനാവില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളോട് സംവദിക്കാൻ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ജനങ്ങളിൽ നിന്നും ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.