കൊച്ചി- കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിനും ഒരു മാസക്കാലം നീണ്ട പ്രചാരണ പരിപാടികൾക്കും ശേഷം എറണാകുളം ഉൾപ്പെടെ നാലു ജില്ലകളിൽ ഇന്ന് വോട്ടെടുപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എറണാകുളം ജില്ലയിൽ ആകെ 25,90,200 വോട്ടർമാർ ആണ് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. 12,54,568 പുരുഷ വോട്ടർമാരും 13,35,591 സ്ത്രീ വോട്ടർമാരും 41 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ജില്ലയിലുണ്ട്.
വോട്ടിംഗിനു മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ എസ്. സുഹാസ് അറിയിച്ചു. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് ക്യൂവിൽ ഉള്ളവർക്ക് സ്ലിപ്പ് നൽകിയ ശേഷം അവരെ വോട്ട് ചെയ്യാൻ അനുവദിക്കും. കൊച്ചി കോർപറേഷനിൽ 4,29,623 സമ്മതിദായകരാണുള്ളത്. 2,07,878 പുരുഷ വോട്ടർമാരും 2,21,743 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരും കോർപറേഷനിലുണ്ട്. ജില്ലയിലെ 13 നഗരസഭകളിലായി 4,33,132 വോട്ടർമാരാണുള്ളത്. 2,08,135 പുരുഷ വോട്ടർമാരും 2,24,986 സ്ത്രീ വോട്ടർമാരും നഗരസഭകളിൽ സമ്മതിദായകരായുണ്ട്. നഗരസഭകളിൽ ആകെ 11 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. ജില്ലയിലെ 82 പഞ്ചായത്തുകളിലായി 17,27,445 സമ്മതിദായകരുണ്ട്. 8,13,365 പുരുഷന്മാരും 8,88,862 സ്ത്രീകളും 28 ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരും ഇതിലുണ്ട്.
111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 2045 പുതിയ ജനപ്രതിനിധികളെയാണ് ജില്ലയിൽ തെരഞ്ഞെടുക്കേണ്ടത്. 82 ഗ്രാമ പഞ്ചായത്തുകളിലേക്കും 14 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 13 മുനിസിപ്പാലിറ്റികളിലേക്കും കൊച്ചി കോർപറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 27 ഡിവിഷനുകളിൽ 14 എണ്ണം വനിതാ സംവരണമാണ്. ഇതിൽ രണ്ട് ഡിവിഷനുകൾ പട്ടികജാതി വനിതാ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. ഒരു വാർഡ് ആണ് പട്ടികജാതി പൊതു വിഭാഗത്തിന് വേണ്ടി സംവരണം ചെയ്തിട്ടുള്ളത്. 14 ബ്ലോക്ക് പഞ്ചായത്തുകളിൽ ആയി 185 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 99 ഡിവിഷനുകൾ ആണ് വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളത്. ഇതിൽ മൂന്നു ഡിവിഷനുകൾ പട്ടികജാതി വനിതകൾക്കായാണ് സംവരണം ചെയ്തിട്ടുള്ളത്. 14 ഡിവിഷനുകൾ ആണ് പട്ടികജാതി പൊതുവിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത്.
കൊച്ചി കോർപറേഷനിൽ ആകെയുള്ള 74 ഡിവിഷനുകളിൽ 37 ഡിവിഷനുകളിൽ ആണ് വനിതാ സംവരണം ഉള്ളത്. ഇതിൽ രണ്ട് ഡിവിഷനുകൾ പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തിരിക്കുകയാണ്. ഒരു ഡിവിഷൻ ആണ് പട്ടികജാതി പൊതു വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നത്. ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിലായി 421 വാർഡുകളാണ് ഉള്ളത്. ഇതിൽ 215 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15 എണ്ണം പട്ടികജാതി വനിതകൾക്കും 17 എണ്ണം പട്ടികജാതി പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1338 വാർഡുകളാണ് മത്സര രംഗത്തുള്ളത്. 692 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഇതിൽ 56 എണ്ണം പട്ടികജാതി വനിതകൾക്കാണ്. 136 വാർഡുകൾ പട്ടികജാതി പൊതു വിഭാഗത്തിൽ പെട്ടവർക്കും മത്സരിക്കാം. കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി വാർഡിൽ പട്ടികവർഗ വനിതയാണ് മത്സരിക്കേണ്ടത്. ജില്ലയിലെ ആകെ 7255 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. കൊച്ചി കോർപറേഷനിൽ 400 സ്ഥാനാർഥികളും ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ 1415 സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തിൽ 105 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 611 സ്ഥാനാർഥികളും ഗ്രാമ പഞ്ചായത്തുകളിലേക്ക് 4724 സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്.