കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ മിക്കവാറും എല്ലാം പ്രമുഖ താരങ്ങളും ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടും മമ്മൂട്ടി അതിന് തയാറാവാതിരുന്നത് ചർച്ചയായിരുന്നു. എന്നാൽ ആ ചർച്ചകൾക്ക് വിരാമമായിരിക്കുന്നു. ഒമ്പത് മാസത്തെ, കൃത്യമായി പറഞ്ഞാൽ 275 ദിവസത്തെ, ഇടവേളക്ക് ശേഷം മമ്മൂക്ക വീണ്ടും ലൊക്കേഷനിലെത്തി. ലോക്ഡൗണിന് ശേഷമുള്ള മമ്മൂക്കയുടെ ആദ്യ ചിത്രീകരണം പക്ഷെ സിനിമക്കല്ല, പരസ്യ ചിത്രത്തിന് വേണ്ടിയായിരുന്നു.
ഫഌവേഴ്‌സ് ചാനലിന്റെ അഡ്വർട്ടൈസിംഗ് ഡിവിഷനാണ് പരസ്യം ചിത്രീകരിച്ചത്. ഓൺലൈൻ പരിശീലന ആപ്ലിക്കേഷനായ സൈലത്തിനായുള്ള പരസ്യ ചിത്രത്തിലൂടെയാണ് താരം വീണ്ടും സജീവമാകുന്നത്. എറണാകുളം പാതാളത്തെ വി.വി.എം സ്റ്റുഡിയോയിൽ പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചിത്രീകരണം.
കോവിഡ് ഇടവേളക്കുശേഷം മമ്മൂട്ടി ആദ്യമായി അഭിനയിക്കൂന്ന ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ആയിരിക്കുമെന്നാണറിയുന്നത്. ബിലാലിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങാനിരിക്കേയാണ് കോവിഡും ലോക്ഡൗണുമായി ഷൂട്ടിംഗ് മുടങ്ങിയത്.