സിറം, ഭാരത് ബയോടെക്ക് കോവിഡ് വാക്‌സിനുകള്‍ക്ക് അനുമതി ഇല്ല

ന്യൂദല്‍ഹി- സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ കമ്പനികള്‍ക്ക് കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായി വിപണിയിലിറക്കാന്‍ അനുമതി ലഭിച്ചില്ലെന്ന് റിപോര്‍ട്ട്. സുരക്ഷിത്വം, ഫലസിദ്ധി വിവരങ്ങള്‍ എന്നിവ സംബന്ധിച്ച അപര്യാപ്തതകളാണ് കാരണം. കൂടുതല്‍ വിവരങ്ങള്‍ ഇരു കമ്പനികളില്‍ നിന്നും തേടിയിട്ടിട്ടുണ്ട്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയാണ് രണ്ടു വാക്‌സിനുകള്‍ക്കും ഇപ്പോള്‍ അനുമതി നിഷേധിച്ചത്. ഇവ കൂടാതെ അമേരിക്കന്‍ കമ്പനി ഫൈസറിന്റെ കോവിഡ് വാക്‌സിനും അനുമതിക്കായി പരിഗണനയിലുണ്ട്. ഇതോടെ ഇന്ത്യയില്‍ അന്തിമ അനുമതിക്കായി പരിഗണനയിലുള്ള മൂന്നു വാക്‌സിനുകളില്‍ രണ്ടെണ്ണം ഉടന്‍ വിപണിയിലെത്തില്ലെന്ന് ഉറപ്പായി. 

മരുന്നിന് അന്തിമ അനുമതി നല്‍കുന്നതിനു മുമ്പ് വിവിധ കമ്മിറ്റികളും വിദഗ്ധരും പലതവണ ഇവ പരിശോധിച്ച് ഉറപ്പു വരുത്തുന്ന പ്രക്രിയ നിലവിലുണ്ട്. ഇത് രണ്ടാഴ്ച വരെ നീണ്ടേക്കാമെന്ന് റിപോര്‍ട്ടിനോട് പ്രതികരിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വക്താവ്  പറഞ്ഞു.
 

Latest News